തിരുവനന്തപുരം: പതിറ്റാണ്ടുകൾ തോളോടുതോൾ ചേർന്ന് കേരള രാഷ്ട്രീയത്തെ നയിച്ച ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് വിതുമ്പുന്ന എകെ ആന്റണി മറ്റുളളവർക്കും കണ്ണീർക്കാഴ്ചയായി. മകളുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും എ കെ ആന്റണി വിതുമ്പി. ജനകീയനായിരുന്ന പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ നീണ്ടനിര ഇവിടെ കാണാം.
ഒരായുസ്സ് മുഴുവൻ ജനങ്ങൾക്കിടയിൽ ചിലവഴിച്ച ഉമ്മൻചാണ്ടിക്ക് അന്ത്യ യാത്രാമൊഴിയേകാൻ ഒഴുകിയെത്തിയത് ജനസഞ്ചയങ്ങളാണ്. ബംഗളൂരുവിൽ നൂറുകണക്കിന് മലയാളികൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതിനാൽ നിശ്ചയിച്ചതിലും രണ്ടു മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് തലസ്ഥനത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയെ ആയിരങ്ങൾ അനുഗമിച്ചു.
അരനൂറ്റാണ്ടിലേറെ ഉമ്മൻചാണ്ടിയുടെ തട്ടകമായിരുന്ന തലസ്ഥാന നഗരിയിൽ മൂന്നിടത്തുകൂടി ഇന്ന് പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും ജനപ്രവാഹം കാരണം ഇപ്പോഴും പുതുപ്പള്ളി ഹൗസിൽത്തന്നെയാണ് മൃതദേഹം. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. ഭൗതിക ശരീരം നാളെ രാവിലെ ഏഴിന് വിലാപയാത്ര ആയി കോട്ടയത്തേക്ക് കൊണ്ടുപോകും . പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തെരിയിൽ മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംസ്കാരം.