KeralaNEWS

കർക്കടക വാവുബലി തർപ്പണം പുലർച്ചെ തുടങ്ങി: ആലുവ ശിവരാത്രി മണപ്പുറം, വർക്കല പാപനാശം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഭക്തജനത്തിരക്ക്

    വർക്കല പാപനാശത്തും ആലുവ ശിവരാത്രി മണപ്പുറത്തും കർക്കടക വാവുബലി തർപ്പണം പുലർച്ചെ തന്നെ ആരംഭിച്ചു. ബലിതർപ്പണ ചടങ്ങുകൾക്കു എത്തുന്നവരുടെ തിരക്ക് ഇന്നലെ രാത്രി മുതൽ തന്നെതുടങ്ങി. ഞായറാഴ്ച രാത്രി 10.25 മുതൽ വാവ് ആരംഭിക്കുന്നതിനാൽ രാത്രി മുതൽ തന്നെ പിതൃതർപ്പണത്തിനു വന്നെത്തുന്നവർക്കുള്ള ചടങ്ങുകളുടെ ഒരുക്കം വിവിധ ക്ഷേത്രങ്ങളിൽ തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് വരെ ബലിതർപ്പണം നടത്താൻ സമയമുണ്ട്.

ആലുവ ശിവരാത്രി മണപ്പുറത്ത് പിതൃനമസ്കാരത്തിനും പൂജകൾക്കും കാർമികത്വം വഹിക്കുന്നത് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ്. പുഴയോരത്തു പുരോഹിതന്മാരുടെ നേതൃത്വത്തിൽ എൺപതോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ബലിയിടാൻ എത്തുന്ന 2500 പേർക്കു ദേവസ്വം ബോർഡ് പ്രഭാത ഭക്ഷണം നൽകും. 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

Signature-ad

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു മണപ്പുറത്തേക്കു കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തുന്നുണ്ട്.
പുഴയിൽ ആഴമേറിയ ഭാഗങ്ങളിൽ ആളുകൾ ഇറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്.
കർക്കടക വാവുബലി ഹരിത പ്രോട്ടോക്കോൾ പ്രകാരമായതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി ബാഗുകൾക്കും നിരോധനമുണ്ട്.

ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ 1500 പേർക്ക് ഒരേസമയം ബലിയിടാം. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ കാർമികത്വം വഹിക്കും.

ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം

ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ 2നു ബലിതർപ്പണം തുടങ്ങി. പുഴക്കടവിൽ വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 1000 പേർക്കു തർപ്പണം നടത്താം. നമസ്കാരം, ദ്വാദശ നാമപൂജ, മൃത്യഞ്ജയ ഹോമം, തിലഹവനം, തുടങ്ങിയ വിശേഷാൽ പൂജകൾക്കു സൗകര്യം ഉണ്ടാകും.

കാലടി മണപ്പുറം

കാലടി ശിവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ ശിവരാത്രിക്കടവിലും കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മുതലക്കടവിലും ബലിതർപ്പണം ഉണ്ട്. ആശ്രമം റോഡിലെ ശിവരാത്രിക്കടവിലെ ബലിതർപ്പണ മണ്ഡപത്തിലാണ് ശിവരാത്രി ആഘോഷ സമിതി ചടങ്ങുകൾ സജ്ജീകരിച്ചിരിക്കുന്നത്. 500 പേർക്ക് ഒരേസമയം ബലിയിടാം. ഭക്തജനങ്ങൾക്കു ലഘു ഭക്ഷണവും ചുക്കുകാപ്പിയും നൽകും. ശിവരാത്രി മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പിതൃപൂജയും വഴിപാടുകളും നടത്താം.

വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ  പുലർച്ചെ 3 ന്   നടതുറന്നു. ക്ഷേത്രത്തിലും ബലിമണ്ഡപത്തിലും തിലഹോമത്തിനും പിതൃപൂജയ്ക്കും പ്രസാദ വിതരണത്തിനുമായി കൂടുതൽ കൗണ്ടറുകൾ ഉണ്ട്. ബലിമണ്ഡപത്തിനു പുറമേ തീരത്ത് കർമങ്ങൾ ചെയ്യാൻ 100 പുരോഹിതരെയും പ്രത്യേക അനുവാദത്തോടെ ദേവസ്വം നിയോഗിച്ചിട്ടുണ്ട്.

ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി 1,000ത്തോളം പൊലീസ് സേനാംഗങ്ങൾ സജ്ജരാണ്. മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകൾ എക്സൈസ്, ഫയർഫോഴ്സ് നേതൃത്വത്തിൽ പ്രവർത്തനക്ഷമമായി. കടൽത്തീരത്ത് കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചു. വിവിധ ഡിപ്പോകളിൽ നിന്നു കെഎസ്ആർടിസി പ്രത്യേക സർവീസുകളും ആരംഭിച്ചു.

ശിവഗിരി മഠത്തിലും ഇന്നു രാവിലെ 6 മുതലാണ് ബലിതർപ്പണം ചടങ്ങുകൾ ആരംഭിക്കുക. ശാരദാമഠത്തിനു സമീപത്തെ ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടക്കും. തിലഹവനത്തിനും സൗകര്യമുണ്ട്.

Back to top button
error: