ലോസ് ഏഞ്ചല്‍സ്: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാര്‍. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാ’ണ് സമരത്തിനുപിന്നില്‍.
പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹോളിവുഡിലെ എഴുത്തുകാര്‍ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.
സിനിമാ, ടെലിവിഷന്‍ രംഗത്തെ ആയിരക്കണക്കിന് നടീനടന്മാരാണ് വെള്ളിയാഴ്ച പണിമുടക്കിയത്. മെറില്‍ സ്ട്രിപ്പ്, ബെന്‍ സ്റ്റില്ലെര്‍, കോളിന്‍ ഫാറെല്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രധാന സ്റ്റുഡിയോകളായ ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകള്‍ക്ക് സമീപം അഭിനേതാക്കള്‍ പ്രത്യക്ഷസമരമാരംഭിച്ചു.
പ്രധാന ഹോളിവുഡ് നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയന്‍സ് ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സു’മായി ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്’ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കള്‍ സമരത്തിനിറങ്ങിയത്. പുതിയ തൊഴില്‍ക്കരാറിനെ സംബന്ധിച്ച് ചര്‍ച്ചയില്‍ ധാരണയായില്ല. ടോം ക്രൂസ്, ആന്‍ജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുന്‍നിരക്കാര്‍ അംഗമായ സംഘടനയാണ് സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്.
എഴുത്തുകാരുടെ സമരം ഇതിനകം ഹോളിവുഡില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും ‘ദ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവര്‍’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെ ചിത്രീകരണം വേനലോടെ ആരംഭിക്കാനാകുമോ എന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. അതിനിടയില്‍ അഭിനേതാക്കളും പണിമുടക്കാരംഭിച്ചതോടെ അമേരിക്കന്‍ സിനിമാവ്യവസായം ത്രിശങ്കുവിലാകും. 1960-ല്‍ അക്കാലത്തെ സൂപ്പര്‍ താരവും പിന്നീട് യു.എസ്. പ്രസിഡന്‍്‌റുമായ റൊണാള്‍ഡ് റീഗന്റെ നേതൃത്വത്തില്‍ ഹോളിവുഡില്‍ സമാനസമരം നടന്നിരുന്നു.