KeralaNEWS

അധ്യാപകന്റെ കൈ വെട്ടിയ കേസ്: 3 പ്രതികൾക്ക് ജീവപര്യന്തം, 3 പേർക്ക് 3 വർഷം തടവ്; നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ടി.ജെ ജോസഫ്‌

     തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ, കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം.

മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി.ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്.

Signature-ad

ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർഫ്രണ്ടിന്‍റെ മേൽനോട്ടത്തിൽ പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻ.ഐ.എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്‍റെ കൈ പിടിച്ച് കൊടുത്ത സജിൽ, എല്ലാത്തിന്‍റെയും സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, ആസൂത്രണത്തിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഇത് അംഗീകരിച്ച കോടതി മൂന്ന് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രൊഫസർ ടിജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.

2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയച്ചു. ആക്രമണം നടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിക്കുന്നത്.

എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കറാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. വിചാരണയുടെ ആദ്യഘട്ടത്തില്‍ പ്രോസിക്യൂഷനുവേണ്ടി പി.ജി. മനുവും പിന്നീട് സിന്ധു രവിശങ്കറും ഹാജരായി.

പോപ്പുലര്‍ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടി.ജെ. ജോസഫിനെ ആക്രമിച്ച സംഘത്തില്‍ സജില്‍ ഉണ്ടായിരുന്നു. ഭീകരസംഘടനയില്‍ അംഗമായ എം.കെ നാസറാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ട്. ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നിയന്ത്രിച്ചിരുന്നത് നാസറാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളും സിമ്മുകളും ഒളിപ്പിച്ചത് ഇയാളാണെന്നും കോടതി വിലയിരുത്തി. നൗഷാദ്, മൊയ്തീന്‍കുഞ്ഞ്, അയൂബ് എന്നിവര്‍ക്കെതിരേ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ല. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ടാംഘട്ട വിചാരണയില്‍ പ്രതികളായ അഞ്ചുപേരെ കോടതി കഴിഞ്ഞദിവസം വെറുതവിട്ടു. ഷഫീഖ് (31), അസീസ് ഓടക്കാലി (36), മുഹമ്മദ് റാഫി (40), ടി.പി. സുബൈര്‍ (40), മന്‍സൂര്‍ (52) എന്നിവരെയാണ് വെറുതേവിട്ടത്. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒന്നാംപ്രതിയായ സവാദ് (33) ഒളിവിലാണ്.

ഇതിനിടെ കൈവെട്ടു കേസ് വിധിയില്‍ ശിക്ഷ സംബന്ധിച്ച ഏറ്റക്കുറച്ചിലുകള്‍ പറയാന്‍ താന്‍ ആളല്ലെന്ന് ഇരയായ റിട്ട. പ്രൊഫസര്‍ ടി.ജെ. ജോസഫ്. സാക്ഷി പറയുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വം. അത് നിര്‍വഹിച്ചു. പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല. വിധിയില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലെന്നും ടി.ജെ. ജോസഫ് പറഞ്ഞു.

ഭൂമിയില്‍ പ്രാചീനമായ വിശ്വാസസംഹിതകളൊക്കെ ഏറ്റുപാടിക്കൊണ്ട് ഒരു വിഭാഗം നടന്നതിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് ഞാനടക്കം ഇപ്പോള്‍ അനുഭവിക്കുന്നത്. അത്തരം അന്ധവിശ്വാസങ്ങളൊക്കെ മാറിയുള്ള ഒരു ലോകമാണുണ്ടാവേണ്ടത്. ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യരെല്ലാം മാറുന്ന ഒരു ലോകം. സമത്വ സുന്ദരവും ജാതീയ വിഭാഗീയതകളില്ലാത്തതുമായ, എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരാധുനിയ യുഗം ഉണ്ടാവുക എന്നതാണ് തന്റെ സ്വപ്നം. പരസ്പരം കൊല്ലുകയും പ്രതികാര നടപടികളിലൂടെ മനസ്സിനെ രസിപ്പിക്കുകയും ചെയ്യുന്ന മനോഭാവത്തില്‍നിന്നെല്ലാം മാറിച്ചിന്തിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ സന്തോഷവും ദുഃഖവുമെല്ലാം നമ്മുടേതുകൂടിയാവുന്ന ഒരു മനോഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  “തനിക്ക് നഷ്ടപരിഹാരം തരേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അത് പ്രതികളില്‍നിന്ന് സ്വരൂപിച്ചതാണെങ്കിലും സ്വീകരിക്കും. ആക്രമിച്ചവരോട് ഉള്ളതിനെക്കാളേറെ വേദനയുണ്ടാക്കിയത് അന്ന് തന്നെ പിരിച്ചുവിട്ടവരോടായിരുന്നു.” ടി.ജെ. ജോസഫ് പ്രതികരിച്ചു.

Back to top button
error: