KeralaNEWS

ബില്ലിൽ വൻ വർധനവ്;വൈദ്യുതി ഉപഭോക്‌താക്കള്‍ക്ക്‌ കെ.എസ്‌.ഇ.ബിയുടെ പ്രഹരം

തൊടുപുഴ: തുകയിൽ വൻ വർധനവ് വരുത്തി വൈദ്യുതി ഉപഭോക്‌താക്കള്‍ക്ക്‌ കെ.എസ്‌.ഇ.ബിയുടെ പ്രഹരം. പതിവായി വരാറുള്ള ബില്‍തുകയുടെ പത്തു മടങ്ങിലേറെ വര്‍ധനവാണ്‌ പലര്‍ക്കും ലഭിച്ച പുതിയ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
തൊടുപുഴ ടൗണില്‍ താമസിക്കുന്ന മണര്‍കാട്ട്‌ സണ്ണി സെബാസ്‌റ്റ്യന്‍ നേരത്തെ വൈദ്യുതി ചാര്‍ജിനത്തില്‍ അടച്ചിരുന്നത്‌ 2200-2666 രൂപ നിരക്കിലായിരുന്നു. എന്നാല്‍ പുതിയ മീറ്റര്‍ റീഡിംഗ്‌ കഴിഞ്ഞപ്പോള്‍ ബില്‍ 60,611 ആയി വര്‍ധിച്ചു. 53550 രൂപ എനര്‍ജി ചാര്‍ജും 5355 രൂപ നികുതിയും ഉള്‍പ്പെടെയാണ്‌ 60,611 രൂപ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
1700-2000 രൂപ കണക്കില്‍ വൈദ്യുതി ചാര്‍ജ്‌ അടച്ചിരുന്ന മുളയ്‌ക്കല്‍ എം.എസ്‌. പവനന്‌ 33,705 രൂപയാണ്‌ ഇത്തവണ ലഭിച്ച വൈദ്യുതി ബില്ല്‌. ഇവരുടെ വീടുകളില്‍ താമസിക്കുന്നത്‌ മൂന്നംഗങ്ങള്‍ മാത്രമാണ്‌. എ.സി. പോലും ഉപയോഗിക്കാത്തവര്‍ക്കാണ്‌ ഇത്തരത്തില്‍ വന്‍ തുകയുടെ ബില്ല്‌ ലഭിച്ചത്‌.
കനത്ത ബില്ലിനെ സംബന്ധിച്ച്‌ കെ.എസ്‌.ഇ.ബി. ഓഫീസില്‍ ചോദിച്ചപ്പോള്‍ മറുപടിയും വിചിത്രമായിരുന്നു.
നേരത്തെയെടുത്ത മീറ്റര്‍ റീഡിങ്ങുകള്‍ തെറ്റായിരുന്നെന്നും ഇപ്പോള്‍ എടുത്തതാണ്‌ ശരിയായ റീഡിങ്ങെന്നും ഇതാണ്‌ കൃത്യമായ ബില്ലെന്നുമായിരുന്നു ഇവരുടെ മറുപടി. മുന്‍പ്‌ മീറ്റര്‍ റീഡിങ്‌ എടുത്തിരുന്നത്‌ താല്‍ക്കാലിക ജീവനക്കാരായിരുന്നുവെന്നും ഇവര്‍ ബില്ലില്‍ ക്രമക്കേട്‌ നടത്തിയിരുന്നുവെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.
ഇതിനിടെ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിയ മീറ്റര്‍ റീഡര്‍മാര്‍ പ്രിന്റഡ്‌ ബില്ല്‌ നല്‍കാതിരുന്നതായും ഉപഭോക്‌താക്കള്‍ പറഞ്ഞു.

Back to top button
error: