KeralaNEWS

കോഴഞ്ചേരി പുല്ലാട് രമാദേവിയുടെ കൊലപാതകം, 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം; ഒടുവിൽ ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിൽ

കോഴഞ്ചേരി പുല്ലാട് വടക്കേ ചട്ടകുളത്ത് രമാദേവി കൊല്ലപ്പെട്ട സംഭവത്തിൽ 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിൽ. 2006 മേയ് 26നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന നിർമാണത്തൊഴിലാളിയായ തമിഴ്നാട് സ്വദേശി ചുടലമുത്തുവിനെയും  ഭാര്യയെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നാലെ ചുടലമുത്തുവിനെയും ഭാര്യയെയും സ്ഥലത്തുനിന്ന് കാണാതായി.  ഇവരെ സംശയിക്കാനിടയാക്കിയത് ഇതാണത്രേ. സംഭവദിവസം രമാദേവിയുടെ വീടിനു പുറത്തുള്ള കുളിമുറിക്കു സമീപത്തു നിന്ന് ഒരു വാച്ച് ലഭിച്ചിരുന്നു. ഇത് ചുടലമുത്തുവിന്റേതാണ് എന്ന ജനാർദ്ദനൻ നായരുടെയും ചില നാട്ടുകാരുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ചുടലമുത്തുവിലേക്കു നീണ്ടത്.

ചുടലമുത്തുവിനെ തേടി പൊലീസ് സംഘം തമിഴ്നാട്ടിൽ ഒട്ടേറെ സ്ഥലത്ത് അന്വേഷണം നടത്തി. ഇയാളുടെ ഭാര്യയായി കൂടെ താമസിച്ചിരുന്ന അർപ്പുതമണിയെ പിന്നീട് അംബാസമുദ്രത്തിനടുത്ത് നിന്നു കണ്ടെത്തി.
ചുടലമുത്തു കാൺപൂരിൽ മിഠായി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ് പൊലീസ് സംഘം ഒരു മാസത്തോളം അവിടെ താമസിച്ചും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

Signature-ad

  പിന്നീടാണ് അന്വേഷണം ഭർത്താവ് ജനാര്‍ദനന്‍ നായരിലേയ്ക്കു നീണ്ടത്.  വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ രമാദേവിയുടെ ചുരുട്ടിപിടിച്ച കൈക്കുള്ളിൽനിന്നു മുടിച്ചുരുളുകൾ കിട്ടിയതാണ് കേസിലെ നിർണായക തെളിവ്. ഫൊറൻസിക് പരിശോധനയിൽ ഇത് പ്രതിയുടേതാണെന്ന് വ്യക്തമായിട്ടും കേസ് അന്വേഷണം പൂർത്തിയാക്കാൻ  ക്രൈംബ്രാഞ്ച് സംഘം വൈകിച്ചു.

താൻ വീട്ടിൽ എത്തുമ്പോൾ രമാദേവി കൊല്ലപ്പെട്ട നിലയിലായിരുന്നെന്നാണ് ജനാർദ്ദനൻ നായരുടെ ആദ്യമൊഴി.

 അങ്ങനെയെങ്കിൽ, രമാദേവിയുടെ കൈക്കുള്ളിൽ ജനാർദ്ദനൻ നായരുടെ മുടി എങ്ങനെ എത്തിയെന്ന സംശയം നിലവിലെ അന്വേഷണ സംഘത്തിന് ആദ്യമേ ഉടലെടുത്തിരുന്നു.  ഇന്നലെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തിയ ജനാർദ്ദനൻ നായരുടെ മുൻപിലേക്ക് തെളിവുകളോരോന്നായി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.സുനിൽരാജ് നിരത്തി.

അടച്ചിട്ട വീട്ടിലേക്ക് ഇയാൾ തുറന്നുകയറിയെന്നു പറയുന്ന രീതി, മൊഴിയിലെ പൊരുത്തക്കേടുകൾ, രമാദേവിയുടെ ചുരുട്ടിപിടിച്ച കൈകളിലിരുന്ന തലമുടികളുടെ ശാസ്ത്രീയ റിപ്പോർട്ട് തുടങ്ങിയവയെല്ലാം മനസ്സിലാക്കിയ ജനാർദ്ദനൻ നായർക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ കുറ്റം സമ്മതിച്ചു.

അന്വേഷണവഴികളിൽ പൊലീസിന്റെ വീഴ്ചകൾ

രമാദേവി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ  നിരവധിയാണ്. സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയ ഇദ്ദേഹം ഭാര്യ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടെങ്കിലും സമീപവാസികളെ അറിയിക്കാതെ ബന്ധുക്കളെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.

അടച്ച് അകത്തു നിന്നു കുറ്റിയിട്ട വീടിനുള്ളിലേക്ക് ഇദ്ദേഹം കയറിയയെന്നു പറയുന്ന രീതി പോലും സംശയം ജനിപ്പിക്കുന്നതായിരുന്നു. സംഭവം കഴിഞ്ഞ് 7 മാസത്തിനുശേഷമാണ് തെളിവു കണ്ടെത്താനായി വീട്ടിലെ കിണർ വറ്റിച്ച് അന്വേഷിക്കുന്നത്. അന്നു വെള്ളത്തിൽ നിന്നു ലഭിച്ച കത്തിയിൽ രക്തം കണ്ടെത്തിയെങ്കിലും  വൈകിയതിനാൽ ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ പ്രതി ഭർത്താവ് ആണെന്ന സംശയം അന്നുതന്നെ നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു.

പക്ഷേ അന്വേഷണം വഴിതിരിച്ചുവിടാൻ  ജനാർദ്ദനൻ നായർ ശ്രമിച്ചതോടെ പൊലീസ് അതിൽ വീണു. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനു തുടക്കമിട്ടു.  മിണ്ടാതിരുന്നാൽ സംശയിക്കപ്പെടുമെന്ന കാരണത്താൽ ജനാർദ്ദനൻ നായരും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.

Back to top button
error: