കോഴിക്കോട്: മിച്ചഭൂമി കേസ് അട്ടിമറിക്കാൻ പി.വി അൻവറിന് സർക്കാരിൽ നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമർശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാൻഡ് ബോർഡ് ചെയർമാൻ തസ്തികയിൽ അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അൻവറിന് ഒത്താശ ചെയ്തത്. അഞ്ച് വർഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി പതിനഞ്ച് ഏക്കർ ആണ്. എന്നാൽ പി വി അൻവറിന്റെ പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമിയുണ്ട്. പിവി അൻവർ തന്നെ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവർത്തകനായ കെ വി ഷാജിയാണ് പരാതി നൽകിയത്.
പിന്നാലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന് 2017 ൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അന്നത്തെ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ ആയിരുന്ന എൻ.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ലാൻഡ് സീലിംഗ് കേസ് രജിസ്റ്റർ ചെയ്ത് അൻവറിന് നോട്ടീസ് അയച്ചു. തൊട്ടു പിന്നാലെ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഈ തസ്തികയിൽ മാറിമാറി വന്നത് 17 ഉദ്യോഗസ്ഥരാണ്. ഇതിൽ രണ്ടാഴ്ച മാത്രം ചുമതലയിൽ ഇരുന്ന ഉദ്യോഗസ്ഥരും ഉണ്ട്.
അൻവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പ്രഹസനമായി മാറുകയാണെന്നും ആരോപിച്ചാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. പരിധിയിൽ കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അൻവറിന്റെ അഭിഭാഷകൻ താലൂക്ക് ലാൻഡ് ബോർഡിൽ ഉന്നയിച്ചത്. എന്നാൽ കമ്പനികൾക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവുണ്ടെങ്കിലും അൻവറിൻറെ കമ്പനികൾ പലതും കടലാസ് കമ്പനികൾ മാത്രമാണെന്നും ഇത് ഭൂപരിധി നിയമം അട്ടിമറിക്കാൻ വേണ്ടി തട്ടിക്കൂട്ടിയതാണെന്നുമായിരുന്നു ഷാജിയുടെ വാദം.
അൻവറിൻറെയും കുടുംബാംഗങ്ങളുടെയും പേരിൽ പരിധിയിൽ കവിഞ്ഞ ഭൂമി ഉള്ളതിൻറെ രേഖകൾ ഷാജി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ 22 ഏക്കർ ഭൂമി മാത്രമാണ് കണ്ടെത്താനായതെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് കോടതിയെ അറിയിച്ചു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.