IndiaNEWS

നിശബ്ദ  കൊലയാളികളായ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പിന്നാലെ പുതിയ ഭീഷണി:  ഈ മഹാമാരിയുടെ വിശദ വിവരങ്ങൾ അറിയാം

     രണ്ട് പ്രധാന ജീവിതശൈലി രോഗങ്ങളായ ടൈപ്പ് 2 പ്രമേഹവും രക്തസമ്മര്‍ദവും ബാധിക്കുന്നവരുടെ എണ്ണം കൂടുകയും ഇതിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയും ചെയ്യുന്നതിനിടെ, വര്‍ധിച്ചുവരുന്ന പൊണ്ണത്തടി കേസുകള്‍  ആരോഗ്യ മേഖലയിൽ വൻ ആശങ്ക ഉയര്‍ത്തുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളില്‍ നിന്ന് മാറി കൊഴുപ്പ്, ചീസ്, എണ്ണമയമുള്ള ഭക്ഷണങ്ങളിലേക്കും പഞ്ചസാര അടങ്ങിയ പാനീയങ്ങളിലേക്കും തിരിയുന്ന സമയത്താണ് അമിതവണ്ണത്തിന്റെ വര്‍ധനവ്.

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഇടത്തരം വരുമാനക്കാരും താഴ്ന്ന വരുമാനക്കാരുമായ രാജ്യങ്ങളില്‍ പോലും പൊണ്ണത്തടി പ്രധാന ആരോഗ്യ ആശങ്കയാണ്. ‘ദ ലാന്‍സെറ്റ് ഗാസ്‌ട്രോഎന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജി’യില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യയില്‍ അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും വ്യാപനം ഇരട്ടിയിലധികമായയി.

പൗരന്മാര്‍ക്ക് പ്രാഥമികവും പ്രതിരോധപരവുമായ ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, പൊണ്ണത്തടി പ്രധാന ആരോഗ്യപരിരക്ഷയായി ഉയര്‍ന്നുവന്നിട്ടില്ലെന്ന്, ‘പൊണ്ണത്തടി: മറ്റൊരു മഹാമാരി’, എന്ന തലക്കെട്ടിലുള്ള ഈ പഠനത്തില്‍ പറയുന്നു. പൊണ്ണത്തടിയെ കോവിഡ് -19 ന്റെ പരിഷ്‌ക്കരിക്കാവുന്ന അപകട ഘടകമായും ഇതില്‍ വിശേഷിപ്പിക്കുന്നു.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ (NFHS) 2016-2021 ലെ 5 വർഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം പൊണ്ണത്തടിയുള്ളവരാണ്, ഇതില്‍ അഞ്ച് ശതമാനം രോഗാതുരമായ പൊണ്ണത്തടിയുള്ളവരുടെ കൂട്ടത്തിലാണ്. കുട്ടിക്കാലത്തെ പൊണ്ണത്തടിയിലും കുത്തനെ വര്‍ധനവ് കണ്ടെത്തി. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 135 ദശലക്ഷം പൊണ്ണത്തടിയുള്ളവരുണ്ട്.

ഇന്ത്യയിലെ പൊണ്ണത്തടിക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഭക്ഷണ ശീലങ്ങളിലെ മാറ്റമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ യുവാക്കളുടെ ഭക്ഷണക്രമം കൂടുതല്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതും സംസ്‌കരിച്ചതും ഫാസ്റ്റ് ഫുഡുകളെ കൂടുതല്‍ ആശ്രയിക്കുന്നതുമാണ്. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൈദരാബാദിലെ അമോര്‍ ഹോസ്പിറ്റലിലെ മാനേജിംഗ് ഡയറക്ടര്‍ ഡോ.കിഷോര്‍ ബി. റെഡ്ഡി പറയുന്നതനുസരിച്ച്, സമൂഹത്തിലെ ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും ജീവിതത്തില്‍ അഭികാമ്യമല്ലാത്ത ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ‘ഇന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഊര്‍ജവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നാം കാണുന്നു; എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കാര്യമായ കുറവുണ്ട്. ഇത് ആളുകളെ ഭാരം കൂട്ടുന്നതിലേക്ക് നയിക്കുന്നു, ഇത് കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പൊണ്ണത്തടിയുള്ള വ്യക്തികളും കുടുംബങ്ങളും അവരുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, ഗതാഗതം പോലുള്ള ചില ലളിതമായ ആവശ്യങ്ങള്‍ക്കും കൂടുതല്‍ ചിലവഴിക്കുന്നു.’
ഡോ റെഡ്ഡി അഭിപ്രായപ്പെട്ടു.

പല അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും കാണപ്പെടുന്ന പഞ്ചസാരയുടെ വര്‍ധിച്ച ഉപഭോഗം, അമിതഭാരവും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ആഗോള ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തെയും ദശലക്ഷക്കണക്കിന് കുട്ടികളെയും ബാധിക്കുന്നു. പ്രതിരോധവും ചികിത്സയും മെച്ചപ്പെടുത്തിയില്ലെങ്കില്‍ 2035-ഓടെ ഇന്ത്യയിലെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പൊണ്ണത്തടി 9.1 ശതമാനം വര്‍ധിക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ലോക പൊണ്ണത്തടി ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ആഗോള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Back to top button
error: