കോഴിക്കോട്: ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്നാണ് വി ഡി സതീശന്‍റെ പരിഹാസം. സിപിഎം കാപട്യവുമായാണ് വന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ് അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും ഇപ്പോൾ നന്നായി കിട്ടിയല്ലോ എന്നും സതീശന്‍ പരിഹസിച്ചു. സമസ്തയ്ക്ക് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാമെന്നും സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയതലത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ മതേതര പ്ലാറ്റ്ഫോം വേണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം. കേരളത്തിലെ സിപിഎം നേതാക്കൾ ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചുയ കേരളത്തിലെ സിപിഎം നേതാക്കളോടെ കോൺഗ്രസിന് അതൃപ്തി ഉള്ളൂ. ഇവിടെ കേസുകൾ ഉള്ളതിനാൽ ബിജെപി നേതാക്കളുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് സിപിഎം നടത്തുന്നത്. ഇവിടെയുള്ള നേതാക്കൾ ബിജെപി സംഘപരിവാർ നേതാക്കളുമായി ധാരണയാണെന്നും ഇങ്ങോട്ട് കള്ളക്കടത്ത് കേസിൽ സഹായിക്കുമ്പോൾ അങ്ങോട്ട് കുഴൽപ്പണം കേസിൽ സഹായിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.