KeralaNEWS

‘മറുനാട’നോടു സുധാകരടനു പ്രിയം, കെ മുരളീധരനു ദേഷ്യം; മുസ്ലിം ലീഗിന് കട്ടക്കലിപ്പ്

മറുനാടന്‍ മലയാളി വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും വ്യത്യസ്ഥ ചേരിയില്‍. മറുനാടനെ മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഷാജന്‍ സ്‌കറിയയുടെ നിലപാട് മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണ്. അത്തരം നിലപാടുകളോടു ലീഗിന് കടുത്ത വിയോജിപ്പുണ്ട്. ഇത്തരം ഇടപെടലുകള്‍ അന്വേഷിക്കണം. മറുനാടന്‍ കേസില്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ച് പോലീസ് നിയമപരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ഇതിനിടെ ഷാജന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ തള്ളി കെ മുരളീധരന്‍ എംപി. ഷാജന്‍ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഷാജന്‍ സ്‌കറിയ സംസാരിക്കുന്നത് സംഘി ലൈനിലാണ്. മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി തുടരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളാണ് ഷാജന്‍ സ്‌കറിയയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Signature-ad

‘മറുനാടനെ’തിരായ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 26ന് പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്താന്‍ കെ.പി.സി.സി തീരുമാനിച്ചിരിക്കെയാണ് കോൺസിലെ ഒരു വിഭാഗവും മുസ്ലിം ലീഗും എതിരഭിപ്രായവുമായി രംഗത്തുവന്നത്.
മറുനാടന്‍ മലയാളിക്ക് സംരക്ഷണമൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പി.വി ശ്രീനിജന്‍ എം.എല്‍.എയെ ആക്ഷേപിച്ചും വ്യക്തിഹത്യനടത്തിയും വാര്‍ത്ത നല്‍കി എന്ന പരാതിയെത്തുടര്‍ന്ന് മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വ്യാജവാര്‍ത്ത നിര്‍മാണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഉപകരണങ്ങള്‍ പോലീസ് കണ്ടുകെട്ടുകയും ചെയ്തു. ഷാജന്‍ സ്‌കറിയക്കെതിരായ ഈ നടപടി അതിക്രൂരമാണെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.

പി.വി ശ്രീനിജന്‍, പി.വി അന്‍വര്‍ എന്നീ ജനപ്രതിനിധികളും വ്യവസായി എം.എ യൂസഫ് അലിയും അടക്കം നിരവധി പേര്‍ മറുനാടനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. വ്യാജ വാര്‍ത്ത സൃഷ്ടിച്ചുവെന്ന് ബോധ്യപ്പെട്ടതിനാല്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഒളിവില്‍പോയ ഷാജനെ എറണാകുളം സിറ്റി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഷാജന്‍ സ്‌കറിയക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടന്‍ പിടികൂടുമെന്നാണ് സൂചന

Back to top button
error: