BusinessTRENDING

പഴയ സ്വർണം മാറ്റിയെടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,415 രൂപയും പവന് 80 രൂപയും കുറഞ്ഞ് 43,320 രൂപയിലുമാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 43,400 രൂപയിൽ നിന്നാണ് സ്വർണ വില കുറഞ്ഞത്. ജൂലായ് 6 വ്യാഴാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചാണ് സ്വർണ വില ഉയർന്ന നിലവാരത്തിലെത്തിയത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ജൂലായ് മാസത്തിൽ 7 ദിവസം പിന്നിടുമ്പോഴും ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടർന്ന വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വീണ്ടും 80 രൂപ കുറഞ്ഞത്. അതേസമയം, ജൂൺ മാസത്തിലെ താഴ്ന്ന/ ഉയർന്ന നിലവാരത്തിലേക്ക് എത്താൻ സ്വർണത്തിന് സാധിച്ചിട്ടില്ല. പവന് 43,080 രൂപ/ 44,800 രൂപ നിലവാരത്തിലായിരുന്നു ജൂണിലെ വില.

ഡോളർ ശക്തമാകുന്നു

സ്വർണ വില തുടർച്ചയായ നാലാമത്തെ പ്രതിവാര നഷ്ടത്തിന്റെ പാതയിലാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് എന്ന സൂചനയിൽ സ്വർണ വില ഇടിയുകയാണ്. പോളിസി മീറ്റിംഗിൽ നിരക്ക് വർധനവിന് സാധ്യതയുണ്ടെന്നാണ് ഫെഡറൽ റിസർവ് നൽകുന്ന സൂചന. ഇത് ഡോളറിനെ ശക്തിപ്പെടുത്തുന്നതിനാലാണ് സ്വർണ വില കുതിക്കാത്തത്. വെള്ളിയാഴ്ച ഔൺസിന് 1,910.96 ഡോളർ നിലവാരത്തിലാണ് സ്വർണം.

ഡോളർ ശക്തമാകുന്നതോടെ മറ്റു കറൻസിയിൽ സ്വർണം വാങ്ങുന്നവർക്ക് ചെലവ് കൂടും. ഡോളർ സൂചിക 0.03 ശതമാനം ഉയർന്ന് 103.12 ൽ എത്തി. അതേസമയം രൂപ 17 പൈസ ഇടിഞ്ഞ് ഡോളറിന് 82.68 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രൂപ ഇടിയുന്നത് ഇന്ത്യയിൽ സ്വർണ വില ഉയർത്തും. യുഎസ് ട്രഷറികളിലെ ആദായവും ഉയരത്തിലാണ്. 10 വർഷ ബോണ്ട് യീൽഡ് മാർച്ചിന് ശേഷം ആദ്യമായി രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യാൻ

സ്വർണ വില കുറഞ്ഞതിനാൽ സ്വർണം വാങ്ങാൻ ഉദ്യേശിക്കുന്നവർ പഴയ സ്വർണം മാറ്റിയെടുക്കാൻ സാധ്യതയുണ്ട്. പഴയത് നൽകി പുതിയ സ്വർണം വാങ്ങുമ്പോൾ വിൽപനയ്ക്ക് ജിഎസ്ടി ഇല്ല. എന്നാൽ പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം എന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കണം. അതായത് 50,000 രൂപ വില വരുന്ന പഴയ സ്വർണം മാറ്റി 75,000 രൂപയുടെ ആഭരണം വാങ്ങിയാൽ 75,000 രൂപയ്ക്ക് ജിഎസ്ടി നൽകണം. പഴയ സ്വർണത്തിന് ജിഎസ്ടി ബാധകമല്ല. പഴയ സ്വർണം മാറ്റി പുതിയ സ്വർണാഭരണം വാങ്ങുമ്പോൾ പണം നൽകുന്നതിന് പകരമാണ് പഴയ സ്വർണം നൽകുന്നത് എന്നതിനാൽ പുതിയ ആഭരണത്തിന് നികുതി നൽകണം.

Back to top button
error: