
ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളിൽ മലയാളികൾക്ക് വലിയ ശ്രദ്ധ പതിപ്പിക്കുന്ന കാര്യമാണ്. വർഷങ്ങളായി മലയാളികളുടെ പ്രധാന തൊഴിൽ വിപണിയാണ് യുഎഇ. ചെറുതും വലുതുമായ ജോലികൾ മുതൽ വൻകിട സംരംഭങ്ങൾ വരെ മലയാളികളുടെതായി യുഎഇയിലുണ്ട്. ഇന്നും യുഎഇയിലേക്ക് തൊഴിൽ തേടിയുള്ള മലയാളിയുടെ സഞ്ചാരം തുടരുകയാണ്. ദുബായിൽ എന്നല്ല ഏത് നാട്ടിലും മികച്ച ശമ്പളമുള്ള ജോലിക്കായി ബിരുദം ആവശ്യമാണെന്നാണ് പൊതുവെയുള്ള കാഴ്ചപാട്.
ദുബായ് ആസ്ഥാനമായ കമ്പനിയുടെ പുതിയ റിക്രൂട്ട്മെന്റ് പ്ലാൻ പ്രകാരം ബിരുദമില്ലാത്തവർക്കും മികച്ച ശമ്പളത്തിൽ തൊഴിലവസരങ്ങൾ കമ്പനി നൽകുന്നുണ്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പാണ് വമ്പൻ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചത്. ക്യാബിൻ ക്രൂ, പൈലറ്റ്, കസ്റ്റമർ സർവീസ് സ്റ്റാഫ്, എൻജിനീയർ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ചൊവ്വാഴ്ച കമ്പനി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.
വ്യോമയാന മേഖലയിൽ മുന്നേറ്റം
കോവിഡിന് ശേഷം വ്യോമയാന മേഖല ഉണരുന്ന കാഴ്ചയാണ് ലോകമെമ്പാടുമുള്ളത്. വിവിധ വിമാന കമ്പനികൾ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നതും പുതിയ നിയമനങ്ങൾ നടത്തുന്നതും ഇതിന്റെ ഭാഗമായാണ്. എമിറേറ്റ്സ് ഗ്രൂപ്പ് 2022-23 ൽ മാത്രം 85,219 പുതിയ നിയമനങ്ങളാണ് നടത്തിയത്. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 102,379 ആയി, മുൻ വർഷത്തേക്കാൾ 20.1 ശതമാനം വർധനവാണ് ഇത്.
എമിറേറ്റ് ഗ്രൂപ്പിന്റെ 2 സ്ഥാപനങ്ങളിലേക്കാണ് മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് നിയമനം നടത്തുപന്ന എമിറേറ്റ് എയർലൈൻസിലേക്കും എയർപോർട്ട് സർവീസ് സേവനങ്ങൾ നൽകുന്ന ഡാനാട (dnata)യുമാണ് നിയമനം എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ എയർ ബസ് എ350എസ്, ബോയിംഗ് 777എക്സ് വിമാനങ്ങൾ വരുന്നതോടെയുള്ള ആവശ്യങ്ങൾക്കാണ് പുതിയ നിയമനങ്ങൾ.
ക്യാബിൻ ക്രൂ
മികച്ച ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവാണ് ക്യാബിൻ ക്രൂ ജോലിക്കുള്ള യോഗ്യതകളിലൊന്ന്. മറ്റു ഭാഷ നൈപുണ്യം അപേക്ഷകന് ഗുണം ചെയ്യും. 160സെന്റി മീറ്ററെങ്കിലും നീളമുണ്ടായിരിക്കണം. 1 വർഷത്തെ ഹോസ്പ്പിറ്റാലിറ്റി/ കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം ജോലിക്ക് ആവശ്യമാണ്. കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള ദുബായിലെ വിസ യോഗ്യതകൾ പാലിക്കാൻ സാധിക്കുന്നവരായിരിക്കണം. യൂണിഫോം ധരിച്ചാൽ കാണുന്ന തരത്തിൽ ശരീരത്തിൽ ടാറ്റു പാടില്ല.
മാസത്തിൽ 4.430 ദിർഹം അടിസ്ഥാന ശമ്പളവും ഫ്ളൈയിംഗിന് മണിക്കൂറിന് 63.75 ദിർഹവും ലഭിക്കും. 80-100 ഫ്ളൈയിംഗ് മണിക്കൂറാണ് മാസത്തിൽ ലഭിക്കുക. ശരാശരി 10,170 ദിർഹം ശമ്പളം ലഭിക്കും. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 2.27.508 രൂപ മാസ ശമ്പളം ലഭിക്കും.
പൈലറ്റ്
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ അംഗീകൃത എയർ ട്രാഫിക്ക് പൈലറ്റ് ലൈസൻസും ക്ലാസ് വൺ മെഡിക്കൽ സർട്ടിഫിക്കറ്റുമുള്ളവർക്ക് പൈലറ്റ് തസ്തികയിൽ അപേക്ഷിക്കാം.കഴിഞ്ഞ 12 മാസത്തിനുള്ളിൽകുറഞ്ഞത് 150 മണിക്കൂർ പറന്നവരായിരിക്കണം അപേക്ഷകർ. മികച്ച ഇംഗ്ലീഷും ആവശ്യമാണ്. 43,650 ദിർഹമാണ് ശമ്പളം. 9,76,451 രൂപ വരുമിത്. ഇതോടൊപ്പം മക്കളുടെ വിദ്യാഭ്യാസ അലവൻസ്, വർഷത്തിൽ 42 അവധി എന്നിവ ലഭിക്കും.
കസ്റ്റമർ സർവീസ്
ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനുമുള്ള മികച്ച ശേഷിയുള്ളവർക്ക് കസ്റ്റമർ സർവീസ് ജോലിക്ക് അപേക്ഷിക്കാം. മറ്റു ഭാഷകളിലെ അറിവ് അധിക യോഗ്യതയാണ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, ഇമെയിൽ എന്നിവ ഉപയോഗിക്കാനുള്ള കഴിവ്, ഫിഷ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്. മികച്ച ടാക്സ് ഫ്രീ ശമ്പളം കമ്പനി വാഗ്ദാനം ചെയ്യുന്നു. വിശദാംശങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കാം.






