IndiaNEWS

‘ഇന്ന് മണിപ്പുർ, നാളെ കേരളം:’ തിരക്കഥ തയാറാക്കി നടത്തിയ ആക്രമണമെന്ന് താമരശ്ശേരി രൂപത, മണിപ്പുർ കത്തുമ്പോൾ കോൺഗ്രസിന്റെ മൗനം വേദനിപ്പിച്ചുവെന്ന് ഇരിങ്ങാലക്കുട രൂപത

    മണിപ്പുർ വംശീയ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.  മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നോർക്കണമെന്നും താമരശേരി ബിഷപ് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തിയ ഉപവാസം നാരങ്ങനീരു നൽകി അവസാനിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘വർഗീയതയും ആക്രമണവും കണ്ടിട്ടും പോരാടാതിരുന്നാൽ നമുക്കെതിരെയും ആക്രമണം വരുമ്പോൾ ശബ്ദിക്കാൻ ആരുമുണ്ടാവില്ല. ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാകാം. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പുരിലേതു തിരക്കഥ തയ്യാറാക്കി നടത്തിയ ആക്രമണമാണ്. ഇത്തരമൊരു സാഹചര്യത്തിലാണു നമുക്കുവേണ്ടി ശബ്ദിക്കാൻ എം.കെ.രാഘവൻ എംപി ഉപവാസമിരുന്നത്. ഈ ഉപവാസം മണിപ്പുരിന്റെ നിലവിളിക്കൊപ്പം അണിചേരലാണ്. ഇതു മതേതരത്വത്തിന്റെ പ്രതീകമാണ്. എം.കെ.രാഘവൻ നടത്തിയ ഉപവാസം വ്യക്തിപരമോ ഏതെങ്കിലും പ്രസ്ഥാനത്തിനോ വേണ്ടിയല്ല. ഇതു പ്രകാശവും പ്രതീക്ഷയുമാണ്. ഒരുമിച്ചു പോരാടണം’’
ബിഷപ് പറഞ്ഞു.

Signature-ad

‘മണിപ്പുർ  കത്തുമ്പോൾ വീണവായിച്ചവർ’

മണിപ്പുർ കത്തിയെരിയുമ്പോൾ ന്യൂനപക്ഷ സംരക്ഷകരെന്ന്‌ കരുതുന്ന കോൺഗ്രസ്‌ അവലംബിക്കുന്ന കഠിനമായ  മൗനം വേദനയുണ്ടാക്കുന്നതെന്ന്‌ കത്തോലിക്കാസഭ ഇരിങ്ങാലക്കുട രൂപതയുടെ മുഖമാസിക ‘കേരള സഭ’യുടെ മുഖപ്രസംഗം. ‘മണിപ്പുർ  കത്തുമ്പോൾ വീണവായിച്ചവർ’ എന്ന തലക്കെട്ടിലാണ്‌ ജൂലൈ ലക്കത്തിൽ ഇത്‌ പ്രസിദ്ധീകരിച്ചത്‌. പ്രധാനമന്ത്രിയുടേയും കോൺഗ്രസിന്റേയും മാധ്യമങ്ങളുടേയും മൗനത്തെ രൂക്ഷമായാണ്‌ മുഖപ്രസംഗം വിമർശിച്ചത്‌.

മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്‌ ചില പ്രസ്‌താവന പത്രങ്ങൾക്ക്‌ നൽകി. ഇതൊഴിച്ചാൽ എന്ത്‌ നടപടി  സ്വീകരിച്ചു. ഭാരത്‌ ജോഡോ യാത്രയിൽ കേരളത്തിലെങ്കിലും ക്രൈസ്‌തവ സഭാനേതൃത്വത്തെ കാണാനും പിന്തുണ  തോടാനും ശ്രമിച്ച രാഹുൽഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മൗനത്തിന്റെ അർഥം എന്താണ്‌. മൃദുഹിന്ദുത്വ സമീപനമോ ക്രൈസ്‌തവരോടുള്ള അവഗണനയോ.

ഒഡീഷ ട്രെയിൻ അപപകടസ്ഥലത്തും ഗുജറാത്തിലെ ചുഴലിക്കാറ്റ്‌ ബാധിത പ്രദേശത്തും  മണിക്കൂർ ചെലവഴിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മണിപ്പുരിനെ പറ്റി ഒരുവാക്ക്‌ മിണ്ടാൻ സന്മനസ്സുണ്ടായില്ല. ക്രൈസ്‌തവർ മാത്രമല്ല, വർഗീയ അഗ്നിക്കിരയായത്‌. രാജ്യത്തിന്റെ ഉദാത്തമായ മതനിരപേക്ഷതയും ജനാധിപത്യവുമാണ്. കേരളത്തിലെ മാധ്യമങ്ങളുടെ കുറ്റകരമായ മൗനത്തിനുപിന്നിൽ പല താൽപ്പര്യങ്ങളുണ്ട്‌. ജനാധിപത്യത്തിന്റെ കാവൽനായ്‌ക്കളെന്ന അത്യുന്നതമായ ഉത്തരവാദിത്തമാണ്‌ കച്ചവട താൽപ്പര്യങ്ങൾക്കുമുന്നിൽ ഭൂരിഭാഗം പത്ര- ടിവി മാധ്യമങ്ങളും കളഞ്ഞുകുളിച്ചത്‌. ആമസോൺ വനത്തിലെ രക്ഷാ ദൗത്യവും അറ്റ്‌ലാന്റിക്കിലെ ടൈറ്റൻ ദുരന്തവും പൊടിപ്പും തൊങ്ങലുംവച്ച്‌ അവതരിപ്പിച്ചാൽ വായനക്കാർ അതുകണ്ട്‌ മയങ്ങിക്കൊള്ളും എന്ന്‌ കരുതുന്നത്‌ വ്യാമോഹമാണ്‌.  വായനക്കാരുടെ അറിയാനുള്ള അവകാശം നിഷേധിച്ചപ്പോൾ സമൂഹമാധ്യമങ്ങളാണ്‌ ആ കുറവ്‌ കുറച്ചൊക്കെ നികത്തിയതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ഇതേസമയം കലാപം കത്തുന്ന മണിപ്പുരിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ വെടിവച്ചുകൊന്നതായി വാർത്തകൾ പുറത്തുവന്നു. കുക്കി-സോ വിഭാഗത്തിലെ ഡോങയ്ചിങ്ങാണു ഇംഫാൽ വെസ്റ്റിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കലാപം ശക്തമായപ്പോഴും നഗരം വിടാതെ ഒരു പള്ളിക്കു പുറത്തെ ഷെഡിൽ കഴിയുകയായിരുന്നു ഡോങയ്ചിങ്. ഇന്നലെ രാവിലെയാണ് ശിശുനിസ്ത നികേതൻ സ്കൂളിനു മുന്നിൽ വച്ചു വെടിയേറ്റത്

Back to top button
error: