
ദുബൈ: സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണത്തിന്റെ അർധ വാർഷിക ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്വദേശിവത്കരണത്തിൻറെ അർധ വാർഷിക ടാർഗറ്റ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് ജൂലൈ എട്ടു മുതൽ പിഴ ചുമത്തുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കിൽ, നിയമിക്കാൻ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിർഹം വീതമാണ് പിഴ ഈടാക്കുക. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ പൂർത്തീകരിക്കേണ്ടത്. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ആറു മാസത്തിനകം ജീവനക്കാരിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദ്ദേശമുള്ളത്. വർഷത്തിൽ രണ്ടു ശതമാനമെന്ന നിലയിലാണ് ടാർഗറ്റ്.
അർദ്ധവാർഷിക സ്വദേശിവത്കരണം ജൂൺ 30ഓടെ പൂർത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നൽകുകയായിരുന്നു. അൻപതിലധികം ആളുകൾ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വർഷം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന സ്വദേശിവത്കരണ നിബന്ധനകൾ പ്രകാരം ഓരോ വർഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്.
കഴിഞ്ഞ വർഷം ഡിസംബറോടെ രണ്ട് ശതമാനം സ്വദേശിവത്കരണം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം ജൂൺ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇത്തരത്തിൽ 2026 ആവുമ്പോഴേക്കും ആകെ 10 ശതമാനം സ്വദേശികളെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ഉറപ്പാക്കാനാണ് യുഎഇ സർക്കാറിന്റെ തീരുമാനം.






