LocalNEWS

വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം തുറന്നു; കേരളത്തിന്റേത് ലോകത്തെ വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം: ലോകത്തെ ഏറ്റവും വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന്റേതെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രണ്ടു കോടി രൂപ നബാർഡ് ഫണ്ടുപയോഗിച്ച് നിർമിച്ച വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരള സർക്കാർ എപ്പോഴും വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകുന്നു. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സമീപനങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഐ.സി.ടിയെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാൻ നാം മുൻകൈയെടുത്തു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിൻറയും അർപ്പണബോധത്തിൻറയും തെളിവാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി.

വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ജോൺ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത എസ്. പിള്ള, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിജി ജോസഫ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരായ സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലി, സുബിൻ നെടുംപുറം, നിഷാ രാജേഷ്, സൗദ ഇസ്മയിൽ, ഡെൽമ ജോർജ്ജ്, ഷാനിദ അഷ്‌റഫ്, എസ്. അജിത് കുമാർ, ജിബി പൊടിപ്പാറ, പി.ജെ. ശോശാമ്മ, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എ. ഷൈലജ, വാഴൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ, ബി.ആർ.സി. ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ കെ.എ. സുനിത, വാഴൂർ വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് രാജൻ കുമ്പുക്കൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിതാ ബിജു, പി.ടി.എ. പ്രസിഡന്റ് സുധീഷ് വെള്ളാപ്പള്ളി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഒ.കെ. ശിവൻകുട്ടി, വാവച്ചൻ വാഴൂർ, എസ്.എം. സേതുരാജ്, കെ.എസ്. ഹരികുമാർ, നൗഷാദ് കരിമ്പിൽ, പ്രധാനാധ്യാപിക വി. ശ്രീകല എന്നിവർ പങ്കെടുത്തു.

രണ്ടുനിലയിൽ 7200 ചതുരശ്രയടിയുള്ള കെട്ടിടമാണ് നിർമിച്ചത്. ആറു ക്ലാസ് മുറികളും സ്റ്റാഫ് മുറിയും ലാബുകളും ടോയ്‌ലറ്റ് ബ്ലോക്കുമാണ് കെട്ടിടത്തിലുള്ളത്.

 

Back to top button
error: