FeatureNEWS

പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അറിയാമോ ?

1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ?  അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന്  അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത്‌ ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം.
ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിയിരുന്നുവെന്നു മാത്രമല്ല,പുരുഷത്വത്തിന്റെ പ്രതീകമായി വരെ അത് മാറിക്കഴിഞ്ഞിരുന്നു.പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത്‌ നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു പുകയിലയാണ്.
പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ഇന്ന് ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി പദാർത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകൾ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌. കാരണം തുടങ്ങിയാൽ ശീലം നിർത്തുന്നത് ശ്രമകരമാകും. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. എന്തിനു മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തപ്പെടും.
പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അവർ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും അതിൽ കാര്യമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങൾ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വർഷം 70 ലക്ഷം മരണങ്ങൾ! അതിൽ തന്നെ 9 ലക്ഷത്തോളം പേർ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാൻഡ് സ്മോകിങ് അഥവാ മറ്റൊരാൾ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 2004 ൽ ലോകമെമ്പാടുമുള്ള കുട്ടികളുടെ മരണത്തിൽ 28% ഇത്തരത്തിൽ ആയിരുന്നു.

പുകയില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 

∙ ഒരു സിഗരെറ്റ്‌ വലിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ. പുകവലിക്കുന്ന ഒരാൾക്ക്‌ പുകവലിക്കാത്ത ആളെക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും.

Signature-ad

∙ പുകയില ഉപഭോഗം പല വിധ കാൻസറുകൾക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ്  80% – 90% ശ്വാസകോശ കാൻസറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും. സിഗരറ്റ്‌ കത്തിയുണ്ടാവുന്ന പുകയിൽ ആർസെനിക്, ലെഡ്, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ് എന്നു തുടങ്ങി 4000 ത്തോളം രാസവസ്തുക്കൾ ഉണ്ട്. ഇതിൽ 250 ഓളം ഹാനീകാരകമാണ്. അതിൽ തന്നെ 50 ഓളം കാൻസറിന് കാരണമാവുന്നവയാണ്.

∙ ഇന്ത്യൻ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്നതാണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമൊക്കെയാണ്.

∙ ഹൃദയാഘാതം, പക്ഷാഘാതം, സി.ഒ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പ്രമേഹം,നേത്രരോഗങ്ങൾ എന്നിങ്ങനെ അനേകം രോഗങ്ങൾക്ക് പുകയില കാരണമാവുന്നു.

∙ പുകയില സൗന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

∙ പുകയില ഉപയോഗം പ്രത്യുൽപാദനശേഷിയെ ദോഷകരമായി ബാധിക്കാം.

∙ ഗർഭാവസ്ഥയിൽ പുകയില മൂലം ശിശുവിന് തൂക്കം കുറയാം, മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

Back to top button
error: