ദില്ലി: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്മെന്റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നത്. വാട്സ്ആപ്പ് മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നുമാണ് വൈറല്‍ സന്ദേശം അവകാശപ്പെടുന്നത്.
പ്രധാനമായും വാട്സ്ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ‘നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിലാണ് വാട്സാപ്പിലെ പ്രചാരണം.
വൈറല്‍ സന്ദേശത്തില്‍ വാട്സ്ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞതാണ്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്. വസ്തുതകള്‍ 2019 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015ലും 2018ലും സമാന സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു എന്നും അന്ന് കണ്ടെത്തിയിരുന്നു. നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും എല്ലാ കോളുകളും റെക്കോർഡ് ചെയ്യുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.