LIFEMovie

അത്യന്തം നാടകീയമായ നിമിഷങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹൻലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു.

വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്.

Signature-ad

ബിഗ് ബോസിലെ കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിട്ടായിരുന്നു അഖിലിനെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ ഗെയ്‍മുകളിലും വിവിധ ടാസ്‍കുകളിലും മുന്നേറാനും കഴിഞ്ഞ ഒരു മത്സരാര്‍ഥി എന്നതിനാല്‍ അഖില്‍ മാരാര്‍ ഇത്തവണ കപ്പുയര്‍ത്തുമെന്ന കാര്യം ഷോ അറുപത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഉറപ്പായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാത്ത സ്വഭാവ രീതികളാല്‍ അഖിലിനെ പുറത്താക്കുമോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ആശങ്കകളുണ്ടായത്. സഭ്യേതര പ്രവര്‍ത്തിയും ഫിസിക്കല്‍ അസാള്‍ട്ടുമടക്കമുള്ള ആരോപണങ്ങള്‍ മാര്‍ക്കെതിരെ ഉണ്ടാകുകയും ചെയ്‍തിരുന്നു. എന്നാല്‍ ആ വിഷയങ്ങളില്‍ ക്ഷമ പറഞ്ഞ് പിന്നീട് മുന്നേറുകയും ചെയ്യുന്ന മത്സാര്‍ഥിയായി മാരാര്‍ മാറി. അഖില്‍ മാരാറിന്റെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ ഷോ പുരോഗിമിച്ചത്. പുറത്തുപോയ മത്സരാര്‍ഥികളുടെയും പിന്തുണ ലഭിച്ചത് അഖിലിന് ആയിരുന്നുവെന്നത് ശ്രദ്ധേയം.

ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. ‘ഒരു താത്വിക അവലോകന’മെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ ‘പേരറിയാത്തവര്‍’ എന്ന സിനിമയിൽ സഹ സംവിധായകനായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖില്‍ ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്‍തു. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്‍തിരുന്നു അഖില്‍ മാരാര്‍. എന്നാൽ, അവിടെയും അഖിൽ ഒതുങ്ങിയില്ല. പിഎസ്‍സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞതിനു ശേഷമാണ് അഖില്‍ എഴുത്തിന്റെയും സാംസ്‍കാരിക പ്രവര്‍ത്തനങ്ങളുടേയും വഴിയിലേക്കും സിനിമയിലേക്കും എത്തിയത്.

Back to top button
error: