KeralaNEWS

തൃക്കാക്കരയിൽ പടലപിണക്കം: നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും

   തൃക്കാക്കര നഗരസഭയിൽ  യുഡിഎഫിനെ പിന്തുണച്ചിരുന്ന നാല് വിമത കൗൺസിലർമാർ എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ  നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകുമെന്ന് ഉറപ്പായി. നഗരസഭ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഉടലെടുത്ത തർക്കമാണ് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഭരണ കാലാവധി അവസാനിച്ചിട്ടും രാജി വെക്കാൻ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ തയ്യാറായില്ല.

കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അധ്യക്ഷ പദവി വീതം വച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രണ്ടര വർഷക്കാലം അജിത തങ്കപ്പനെ അധ്യക്ഷയാക്കിയത്. അജിത ഐ വിഭാഗക്കാരിയാണ്. ഇനിയുള്ള രണ്ടരവർഷം എ വിഭാഗത്തിലെ രാധാമണി പിള്ള അധ്യക്ഷയാകണമെന്നാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകൾ മുതലെടുത്താണ് എൽഡിഎഫ് ഭരണം പിടിക്കാൻ നീക്കം നടത്തുന്നത്.

Signature-ad

വിമതരിൽ ഒരാൾക്ക് ചെയർപഴ്സൻ സ്ഥാനവും മറ്റൊരാൾക്ക് വൈസ് ചെയർമാൻ സ്ഥാനവും നൽകാമെന്ന് സിപിഎം ഉറപ്പു നൽകി. ഈ ഉറപ്പിന്റെ ബലത്തിലാണ് യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുന്നതായി ഇവർ പരസ്യമാക്കിയത്. എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നോട്ടിസിൽ നാലു വിമതരും ഒപ്പിട്ടു.

ഇതോടെ എൽഡിഎഫിനു തൃക്കാക്കര നഗരസഭയിൽ 22 പേരുടെ പിന്തുണയായി. തിരഞ്ഞെടുപ്പിനു പിന്നാലെ തൃക്കാക്കരയിൽ അഞ്ച് യുഡിഎഫ് വിമതരാണു ജയിച്ചത്. ഇവരിൽ ഒരാൾ എൽഡിഎഫിനൊപ്പം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശേഷിക്കുന്ന നാലു പേരും എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: