LocalNEWS

ആൽമരം വരൻ, ആര്യവേപ്പ് വധു: പാലക്കാട് നടന്ന ഈ  ദിവ്യ വിവാഹത്തിനു പിന്നിലെ വിശ്വാസം എന്താണെന്നറിയുക

   ഇത് അന്ധവിശ്വാസമാണ് എന്നു പറഞ്ഞ് തള്ളുന്നവരുണ്ടാകും പക്ഷേ ഇതല്‍പം പരിസ്ഥിതി പ്രേമവുമാണല്ലോ, കോട്ടായിയില്‍ ആലിനും ആര്യവേപ്പിനും കല്യാണം. കോട്ടായി പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലാണ് ഈ വേറിട്ട കല്യാണം നടന്നത്. നാട്ടില്‍ കല്യാണങ്ങള്‍ നടത്തുന്നതിന്റെ എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തിയാണ് ആലിന്റെയും ആര്യവേപ്പിന്റെയും കല്യാണം നടത്തിയത്

ചടങ്ങില്‍ ആലാണ് വരന്‍,ആര്യവേപ്പാണ് വധു.കോട്ടായിലെ തന്നെ ഒരു കുടുംബത്തിന്റെ മംഗല്യ സൗഭാഗ്യ പ്രാര്‍ത്ഥനയാണ് പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ചടങ്ങ് നടന്നത്. പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Signature-ad

ഓരോ ഗ്രാമത്തിലും ആലുണ്ടായിരിക്കണം എന്ന് പണ്ട് മുതല്‍ക്കുതന്നെ നിര്‍ബന്ധമുണ്ടായിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമാണ് ആല്‍മരം. ആൽമരം വളര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ തൊട്ടടുത്ത് ആര്യവേപ്പിന്റെ തൈ നട്ടുവളര്‍ത്തും. ആല്‍മരം വിവാഹപ്രായമെത്തുന്നത് അതില്‍ ആയിരം ഇലകള്‍ തളിരിടുമ്പോഴാണ്. ആര്യവേപ്പ് ദേവിയാണ്. പെണ്‍മരമാണ്.

ഗ്രാമീണര്‍ രണ്ടു പക്ഷമായി പിരിഞ്ഞ് വധുവിന്റെയും വരന്റെയും വീട്ടുകാരുമായി വിവാഹം നടത്തുന്നതായിട്ടാണ് ചടങ്ങ്. വധുവായ ആര്യവേപ്പിന്റെ വീട്ടുകാര്‍ ആ ഗ്രാമത്തിലെ പ്രായം ചെന്ന ദമ്പതിമാരെ ക്ഷണിച്ചുകൊണ്ടുവന്ന് പുതുവസ്ത്രം നല്‍കി പാദപൂജ നടത്തുന്നു. പിന്നീട് ഏറ്റവും ഇളയ ദമ്പതിമാരെ വിളിച്ചുകൊണ്ടുവന്ന് ദമ്പതീപൂജയും നടത്തുന്നു. ചടങ്ങുകളെല്ലാം വിവാഹംപോലെതന്നെ. തമിഴ്നാട്ടിലെ ആചാരം കേരളത്തിലേക്ക് പകര്‍ന്നു കിട്ടിയതാണിത്.

ഈ ദിവ്യ വിവാഹം നടത്തിയവരുടെ കുടുംബങ്ങള്‍ തലമുറകളായി സമൃദ്ധിയോടെ വാഴുമെന്നാണ് അവിടെ വിശ്വാസം. അറുപതാം കല്യാണം നടത്താന്‍ കാത്തിരിക്കുന്നവര്‍ അതിനു മുമ്പായി ആല്‍ – വേപ്പ് കല്യാണം നടത്തിയാല്‍ രോഗദുരിതങ്ങളില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കുമെന്നാണ് വിശ്വാസം. വിവാഹം നടത്തുന്നതിലൂടെ ആ ഗ്രാമവാസികള്‍ ഐശ്വര്യാപൂര്‍ണ്ണമായ ജീവിതം നയിക്കുമെന്നാണ്‌ എല്ലാവരുടെയും വിശ്വാസം. വിവാഹിതരായ ആല്‍ – വേപ്പ് മരങ്ങളെ 108 തവണ വലംവെച്ചാല്‍ മംഗല്യഭാഗ്യം, സല്‍സന്താനലബ്ധി, രോഗവിമുക്തി എന്നിവ ലഭിക്കുമെന്നും പറയപ്പെടുന്നു.

കോട്ടായിയില്‍ നാദസ്വരത്തിന്റെ അകമ്പടിയോടെ വരനായി സങ്കല്‍പ്പിക്കുന്ന ആലിന്റെ ഭാഗമായി ദേശക്കാരും വധുവായി സങ്കല്‍പ്പിക്കുന്ന ആര്യവേപ്പിന്റെ ഭാഗത്ത് നിന്ന് വഴിപാട് സമര്‍പ്പിച്ച കുടുംബക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. താലങ്ങളുമായാണ് ഇരു വിഭാഗത്തെയും സ്വീകരിച്ചത്. ശേഷം വധുവായ ആര്യവേപ്പിന് സ്വര്‍ണാഭരണങ്ങള്‍ അണിയിക്കലും,പുടവ ഉടുപ്പിക്കല്‍ ചടങ്ങും നടന്നു. ദേശക്കാര്‍ ചേര്‍ന്ന് ആലിന് പുതു വസ്ത്രങ്ങള്‍ അണിയിച്ചു.ശേഷം വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ നാദസ്വരത്തിന്റെ അകമ്പടിയോടെ ആല്‍മരം ആര്യവേപ്പിന് താലിചാര്‍ത്തി.

ശേഷം കല്യാണ സദ്യയും നടന്നു. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ചടങ്ങാണിത്..

Back to top button
error: