IndiaNEWS

രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞ് പോലീസ്; ജനം അക്രമാസക്തരെന്ന് മുന്നറിയിപ്പ്

ഇംഫാല്‍: വംശീയ കലാപത്തില്‍ മണിപ്പുല്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പോലീസ് പറയുന്നു.

രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗമാണു രാഹുല്‍ പോകുന്നത്. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പുര്‍ പോലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ അറിയിച്ചു. ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പുര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി ക്യാംപുകളിലെത്തും. തുടര്‍ന്ന് മെയ്‌തെയ് നേതാക്കളുമായി ചര്‍ച്ച.

Signature-ad

മേയ് 3 ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തില്‍ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 101.75 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, സുദീപ് റോയ് ബര്‍മന്‍, അജോയ് കുമാര്‍ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷന്‍ മണിപ്പുര്‍ വിഷയം പഠിക്കാന്‍ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും മണിപ്പുരില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.

 

 

Back to top button
error: