KeralaNEWS

പി.ജിക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നും വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യാജ രേഖ കേസ് പ്രതി കെ. വിദ്യ കോടതിയില്‍

മണ്ണാര്‍ക്കാട്: താനൊരു സ്ത്രീയാണെന്നതും ആരോഗ്യം, വയസ്സ് എന്നിവയും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്ന് വ്യാജ രേഖ കേസ് പ്രതി കെ. വിദ്യ കോടതിയില്‍ ബോധിപ്പിച്ചു. മണ്ണാര്‍ക്കാട് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

 മഹാരാജാസ് കോളജില്‍നിന്ന് പി.ജിക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നും വ്യാജരേഖ ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിദ്യ കോടതിയില്‍ പറഞ്ഞു. വിദ്യക്ക് പൊലീസ് കസ്റ്റഡിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

 

Signature-ad

അതേസമയം വ്യാജരേഖയുണ്ടാക്കിയതായി വിദ്യ കസ്റ്റഡിയില്‍ വെച്ച്‌ പൊലീസിനോട് സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയില്‍.ഫോണില്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോള്‍ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞു. കേസിന്റെ തുടക്കത്തില്‍ വിദ്യ ഒളിവില്‍ പോയെന്നും ബോധപൂര്‍വം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.

 

സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ പ്രതിയുടെ കൈയിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കിയെന്നും ഏത് ഡിവൈസില്‍ ഉണ്ടാക്കിയെന്നും കണ്ടെത്തണം. പലയിടങ്ങളില്‍ ഒളിവിലായിരുന്ന വിദ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഏറെ ശ്രമം നടത്തേണ്ടിവന്നു. ജാമ്യം നല്‍കി വീണ്ടും ഒളിവില്‍പോയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സീല്‍ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോള്‍ സീല്‍ ഓണ്‍ലൈനായാണ് ഉണ്ടാക്കിയതെന്നും അതിനാല്‍, കണ്ടെത്താൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Back to top button
error: