എസി റോഡിന്‍റെ നവീകരണത്തെത്തുടര്‍ന്ന് നാളുകളായി ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകള്‍ നിർത്തിവച്ചിരിക്കുകയായിരുന്നു.
കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്. എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെയുള്ള കെഎസ്ആർടിസി യാത്ര.
ആദ്യ സര്‍വീസ് രാവിലെ 7.30ന് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ആരംഭിക്കും. വൈകുന്നേരം 6.00 മണിക്കാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള അവസാന സര്‍വീസ്.ഏകദേശം ഒരു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരിയിലെത്താം.
കാഴ്ചയുടെ അതിശയമാണ് കുട്ടനാട്. പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ. ഒട്ടും തളരാത്ത കുട്ടനാടൻ ജീവിതത്തിന്റെ പുതുവഴിയിലൂടെയാണ് കെഎസ്ആർടിസി വീണ്ടും ഓടിത്തുടങ്ങിയിട്ടുള്ളത്.