നമ്മുടെ ആകാശത്തിലും നമ്മുടെ ഭൂമിയിലും പുതുമയുടെ പൂക്കൾ വിരിയട്ടെ
വെളിച്ചം
അന്ന് ക്ലാസ്സില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ടാണ് എത്തിയത്. അമ്മ മകളോട് കാരണമന്വേഷിച്ചു. ടീച്ചര്‍ അവളെ വഴക്ക് പറയുകയും ക്ലാസ്സിനു പുറത്ത് നിര്‍ത്തുകയും ചെയ്തത്രേ.
അമ്മ കാരണമന്വേഷിച്ചു. അവള്‍ പറഞ്ഞു: “ഡ്രോയിങ്ങ് ക്ലാസ്സില്‍ ആകാശം വരച്ചപ്പോള്‍ ഞാന്‍ പിങ്ക് നിറമാണ് നല്‍കിയത്. ആകാശത്തിന്റെ യഥാര്‍ത്ഥനിറം എന്താണമ്മേ…?”
അമ്മപറഞ്ഞു:
“ടീച്ചര്‍ക്ക് തെറ്റിയതാണ്… നിന്റെ ആകാശത്തിന് നിനക്ക് ഇഷ്ടമുള്ള നിറം നല്‍കാം. ”
അവള്‍ വീണ്ടും തേങ്ങി:
“കൂട്ടുകാര്‍ പറഞ്ഞു ആകാശത്തിന്റെ നിറം നീലയാണെന്ന്. പിന്നെ അവര്‍ എന്നെ മണ്ടിയെന്നും വിളിച്ചു…”
അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു:
“ആര്‍ക്ക് വേണ്ടിയും നീ നിന്റെ ആകാശത്തിന്റെ നിറം മാറ്റേണ്ടതില്ല.. എല്ലാവര്‍ക്കും അവരവരുടേതായ ആകാശമുണ്ട്. നിന്റെ ആകാശം പിങ്കാണെന്ന് നീ തീരുമാനിച്ചാല്‍ അത് അങ്ങിനെ തന്നെയാണ്.”
ആ കുഞ്ഞ് മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ശീലിച്ചവയിലേക്ക് മാത്രം ചിന്തകളും പ്രവൃത്തികളും കേന്ദ്രീകരിക്കപ്പെടുന്നതില്‍ നിന്നാണ് പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ പരിമിതിയാണ് ഒരാളുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതും.
ട്രാഫിക് സിഗ്നലിനോ മഴവില്ലിനോ നിറഭേദങ്ങല്‍ സാധ്യമല്ലെങ്കിലും സ്വന്തം ചുവരിലെ ചായക്കൂട്ടുകള്‍ക്ക് വൈവിധ്യങ്ങള്‍ സാധ്യമാണ്. അതിനു സ്വന്തമായ ചുവരും കാന്‍വാസും വേണം. അവിടെ മുന്‍ധാരണകള്‍ക്കു വഴങ്ങാത്ത സ്വയനിര്‍മ്മിതികളെ വിളക്കിച്ചേര്‍ക്കുന്ന തീരുമാനം വേണം.
എന്റെ ആകാശം എനിക്കുള്ളതാണെന്നും അതിന് എനിക്കിഷ്ടപ്പെട്ട നിറമാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് പുതിയ ആകാശവും പുതിയ മണ്ണും രൂപപ്പെടുന്നത്.
നമ്മുടെ ആകാശത്തിലും മണ്ണിലും പുതുമകള്‍ വിരിയട്ടെ…
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ