സെലിബ്രിറ്റികൾ മിക്കവരും, പ്രത്യേകിച്ച് സിനിമാതാരങ്ങളെല്ലാം തന്നെ ഇന്ന് ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. പ്രായമോ ലിംഗഭേദമോ സിനിമയിലെ അവസരങ്ങളോ ഒന്നും അടിസ്ഥാനപ്പെടുത്തിയല്ല അധികയാളുകളും ഫിറ്റ്നസ് ലക്ഷ്യമിട്ട് വർക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ച് മുന്നോട്ട് പോകുന്നത്.
സിനിമാതാരങ്ങളിൽ തന്നെ വലിയൊരു വിഭാഗം പേരും തങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നടി ജ്യോതികയും ഇത്തരത്തിൽ അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെ വർക്കൗട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് വർക്കൗട്ട് വീഡിയോകളാണ് ജ്യോതിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വിവാഹത്തിന് ശേഷം രണ്ട് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകുന്നതിനിടെ സിനിമയുടെ തിരക്കുകളിൽ നിന്ന് അൽപം മാറിനിന്നിരുന്ന ജ്യോതിക ഇപ്പോൾ വീണ്ടും ജോലിയിൽ ഫോക്കസ് ചെയ്ത്, സജീവമാണ്. അൽപം കൂടി ഗൗരവമായി അഭിനയത്തെയും സിനിമയെയും ജ്യോതിക ഇപ്പോൾ സമീപിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
നാൽപത്തിനാലുകാരിയായ ജ്യോതിക ഇപ്പോഴും പഴയ അതേ സൗന്ദര്യവും, ആറ്റിറ്റ്യൂഡും എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ആരാധകർ എപ്പോഴും ഇവരോട് ചോദിക്കാറ്. ഭർത്താവും നടനുമായ സൂര്യയുടെയും കുടുംബത്തിൻറെയും പിന്തുണ തന്നെയാണ് തൻറെ ഏറ്റവും വലിയ കരുത്തും സന്തോഷവും എന്നാണ് പലപ്പോഴും അഭിമുഖങ്ങളിലൂടെയും മറ്റും ജ്യോതിക പറയാറ്.
ഇപ്പോഴിതാ ഭാര്യയുടെ വർക്കൗട്ട് വീഡിയോ അഭിമാനപൂർവം പങ്കുവച്ചുകൊണ്ട് സൂര്യ, ജ്യോതിക പറയാറുള്ളതെല്ലാം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുകയാണ്. ജ്യോതികയുടെ വർക്കൗട്ട് വീഡിയോ ‘മൈ വണ്ടർ വുമൺ’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
വെയിറ്റ് ട്രെയിനിംഗ് അടക്കം കഠിനമായ വർക്കൗട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. ഇതിൽ ജ്യോതികയെ അഭിനന്ദിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമൊപ്പം തനിക്കുള്ള അഭിമാനം കൂടിയാണ് സൂര്യ പങ്കുവയ്ക്കുന്നത്.