Health

മഴക്കാല രോഗങ്ങൾ വ്യാപിക്കുന്നു, മരണം മുടിയഴിച്ചാടുന്നു,  ജാഗ്രത പാലിക്കുക: കനത്ത മഴയിൽ  ഏവരും ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

   മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഗോകുൽ എന്ന14കാരൻ മരിച്ചത് എച്ച്‌1 എൻ1 രോഗബാധ മൂലമാണെന്ന് കണ്ടെത്തിയത് ഇന്നലെയാണ്.

കേരളമാകെ പതിനായിരങ്ങളാണ് എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, എച്ച്‌1 എൻ1, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ മൂലം ചികിത്സക്കായി പ്രതിദിനം ആശുപത്രികളിൽ അഭയം തേടുന്നത്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് 8 പേരും മഞ്ഞപ്പിത്തം മൂലം 19 പേരും ഡെങ്കിപ്പനി ബാധിച്ച്  12 പേരും എച്ച്‌1 എൻ1 ബാധിച്ച് 2 പേരും മരിച്ചു. രോഗംസ്ഥിരീകരിച്ച് രോഗികളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ മെഡിക്കല്‍ കോളജുകളിലെ ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ് ലെറ്റിനും കടുത്ത ക്ഷാമം നേരിട്ട് തുടങ്ങി.

Signature-ad

വിവിധതരം മഴക്കാല രോഗങ്ങള്‍

വൈറല്‍ പനി: മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍പനി ഉണ്ടാകുന്നു. ഇത്തരം പനി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോവുന്നവയാണ്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.
പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം മാത്രമാണ് പനി എന്നതും മനസ്സിലാക്കി തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്.

തുമ്മല്‍, ചുമ, ശ്വാസംമുട്ട്:
കാലാവസ്ഥ വ്യതിയാനം ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയുമാണ് ആദ്യം ബാധിക്കുക. ശ്വാസകോശങ്ങള്‍ക്കുള്ള സ്വയം സംരക്ഷണ മാര്‍ഗ്ഗങ്ങളാണ് തുമ്മലും ചുമയും ഒക്കെ. ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ വായുവിലേക്ക് പടര്‍ന്ന് മറ്റുള്ളവര്‍ക്കും രോഗം ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. പലപ്പോഴും ചെറിയ ചുമക്കും തുമ്മലിനും മരുന്ന് കഴിച്ച് അടിച്ചമര്‍ത്തുന്നതു വഴി ശ്വാസം മുട്ടുണ്ടാകാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഗുരുതരമാകുന്നതിന് കാരണം രോഗപ്രതിരോധ ശേഷി ഇല്ലാത്തതിനാലാണ്.
തുമ്മലും ചുമയും കുറയാനും നെഞ്ചിലെ കഫക്കെട്ട് കുറയാനും മുഖത്തും നെഞ്ചിനും ആവി പിടിക്കുന്നത് ആശ്വാസകരമാണ്.

ടൈഫോയിഡ്: ‘സാല്‍മൊണെല്ല ടൈഫി’ എന്ന ബാക്ടീരിയ അണുബാധയെ തുടര്‍ന്നാണ് ടൈഫോയിഡ് ഉണ്ടാകുന്നത്. ലോകം മുഴുവനായി കാണപ്പെടുന്ന ഒരു പകര്‍ച്ച വ്യാധിയാണിത്. ക്രമേണ വര്‍ദ്ധിച്ചുവരുന്ന പനി, തലവേദന, വയറുവേദന, ക്ഷീണം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയും ആണ് ഇത് പകരുന്നത്.

മഞ്ഞപ്പിത്തം: മഴക്കാലത്ത് വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അകപ്പെടുന്ന മാലിന്യങ്ങളാണ് രോഗത്തിനാധാരം. ക്ഷീണം, കടും മഞ്ഞനിറത്തിലുള്ള മൂത്രം, കണ്ണിന്‍റെ വെള്ള മുഴുവന്‍ മഞ്ഞനിറമാകല്‍, ത്വക്കിന് മഞ്ഞനിറം, പനി തുടങ്ങിയവ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്.

മലേറിയ (മലമ്പനി): കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണിത്. പെണ്‍ അനോഫിലിസ് കൊതുകാണ് രോഗം പരത്തുന്നത്. ഇവ പെറ്റുപെരുകുന്നത് വെള്ളത്തിലൂടെയാണ്. പനി, വിറയല്‍, പേശീവേദന, ക്ഷീണം  എന്നിവയാണ് ലക്ഷണങ്ങള്‍.

ചിക്കുന്‍ ഗുനിയ: ഈ രോഗബാധയാല്‍ ശരീരം വളഞ്ഞുപോകുമത്രെ. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയില്‍ ചിക്കുന്‍ ഗുനിയ എന്നാല്‍ വളഞ്ഞുകൂനിയിരിക്കുക എന്നര്‍ത്ഥം. ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. പനി, തലവേദന, സന്ധികളിലെ വീക്കവും അതികഠിനമായ വേദനയും. പനി കുറഞ്ഞാലും സന്ധിവേദന നീണ്ടു നില്‍ക്കാം.

ഡെങ്കിപ്പനി:  കൊതുകാണ് ഈ രോഗം പരത്തുന്നത്. പനി, ശരീരവേദന, സന്ധിവേദന, ശരീരം ചുകന്നുതടിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. എല്ലു നുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്ന് നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിന്‍റെ പ്രത്യേകതാണ്.

എലിപ്പനി: എലിമൂത്രം കൊണ്ട് മലിനമായ ജലം, ആഹാരം എന്നിവയിലൂടെയാണ് പകരുന്നത്. എലിമൂത്രം കലര്‍ന്ന വെള്ളിത്തിലൂടെ നടക്കുമ്പോള്‍ കാലിലേയോ മറ്റോ മുറിവുകളിലൂടെ അണുക്കള്‍ ശരീരത്തില്‍ കടക്കുന്നു. പെട്ടെന്നുള്ള തലവേദന, പേശി വേദന, വിറയലോടുകൂടിയ പനി, കണ്ണിന് ചുറ്റും ശക്തമായ വേദന, ചുവപ്പുനിറം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.

വയറിളക്കം: വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് വയറിളക്കം പിടിപെടുന്നത്. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒഴിവാക്കാവുന്ന അസുഖം തന്നെയാണിത്. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകള്‍, കരിക്ക്, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെ കുടിക്കുന്നത് ക്ഷീണം അകറ്റുന്നു.

ത്വക്ക് രോഗങ്ങള്‍: പുഴുക്കടി, കാല്‍വിരലുകള്‍ക്കിടയില്‍ ചൊറിഞ്ഞുപൊട്ടുക തുടങ്ങിയവ മഴക്കാലത്ത് സാധാരണക്കാരില്‍ കുടുതലായി കാണപ്പെടുന്നുണ്ട്. ഒരുതരം ഫംഗസ് ബാധയാണിത്. മഴക്കാലത്ത് വസ്ത്രങ്ങള്‍ ശരിയായി ഉണങ്ങാതെ ധരിക്കുന്നതും അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതും നടക്കുന്നതും ഒക്കെ രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു.

മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍
പരിസര ശുചീകരണം,  വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയാണ്  മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം. പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ഇത്തരത്തിലുള്ള ആരോഗ്യ ബോധവല്‍ക്കരണത്തിലൂടെ മഴക്കാല രോഗങ്ങളെ  നിസ്സംശയം നേരിടാം.

കനത്ത മഴയിൽ വീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈദ്യുതി ഷോക്ക്, പാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ എന്നിവ വീടിനു സമീപത്തെ വെള്ളക്കെട്ടിലും വൈദ്യുത തൂണുകളിലും ഇല്ലെന്നുറപ്പാക്കണം. വീടിന്റെ പരിസരത്തു സർവീസ് വയർ, ലൈൻ കമ്പി, എർത്ത് കമ്പി എന്നിവ പൊട്ടിയ നിലയിൽ കണ്ടാൽ സ്പർശിക്കരുത്. ഉടൻ വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിക്കണം.

പ്രധാന നിർദേശങ്ങൾ 

റോഡിലെ വെള്ളക്കെട്ടിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കരുത്. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്. ബ്രേക്കിന്റെ കാര്യക്ഷമത പരിശോധിക്കണം. മഴക്കാലത്തു സഡൻ ബ്രേക്കിങ് ഒഴിവാക്കണം. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈടെൻഷൻ ലൈനുകളുടെ താഴെയോ വലിയ മതിലുകളുടെ തൊട്ടരികിലോ വാഹനം പാർക്ക് ചെയ്യരുത്. വെള്ളക്കെട്ടിലൂടെ പോകേണ്ടി വരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. വണ്ടിയിൽ നിന്നിറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ സാധ്യതയുണ്ട്. സംരക്ഷണഭിത്തി ഇടിയാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ സ്വീകരിക്കുക. അധികൃതരുടെ അറിയിപ്പുകളും നിർദേശങ്ങളും പാലിക്കുക. എമർജൻസി കിറ്റ് ഒരുക്കി വയ്ക്കുക.

Back to top button
error: