കാലവര്‍ഷം വൈകിയത് കാരണം നൂറുകണക്കിന് ആളുകളുടെ അന്നമാണു മുടങ്ങിയിരിക്കുന്നത്.സ്കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് കുട നന്നാക്കുവാൻ ആളുകള്‍ ഏറെ ഉണ്ടാവുക.ഇത്തവണ മഴയില്ലാതെ സീസണ്‍ കഴിഞ്ഞത് കൂട നന്നാക്കുന്നവരെ ചില്ലറയല്ല ദുരിതത്തിലാക്കിയത്.
ജൂണ്‍ അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മഴക്കുറവിനാല്‍ കാര്‍ഷിക മേഖലയിലും പ്രതിസന്ധിയാണ്.കാലവര്‍ഷം തിമിര്‍ത്ത് പെയ്യേണ്ട സമയമാണ്.മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് 75 ശതമാനത്തിലേറെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയാകും മഴക്കുറവ് കൂടുതൽ ദോഷകരമായി ബാധിക്കുക.
നെല്‍കൃഷിക്കടക്കം ഉള്ള പ്രാരംഭ ജോലികള്‍ ആരംഭിക്കേണ്ട സമയമാണിത്. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. കുരുമുളക്, കാപ്പി തുടങ്ങിയ വിളകള്‍ക്കെല്ലാം ഇപ്പോള്‍ മഴ ലഭിച്ചെങ്കില്‍ മാത്രമെ കാര്യമുള്ളൂ. മികച്ച മഴ പ്രതീക്ഷിച്ച് കാര്‍ഷിക നഴ്സറികളിലെല്ലാം തൈകള്‍ വ്യാപകമായാണ് ഇറക്കിയത്.
ഇവ നഴ്സറികളില്‍ വില്‍ക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. വേനല്‍ മഴ മാത്രമാണ് ഇടക്കാലത്ത് ലഭിച്ചത്. വിളകള്‍ക്ക് ആവശ്യമായ സമയത്ത് മഴ ലഭിക്കാത്തത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നു. മിഥുനം തുടങ്ങിയിട്ടും മിക്കയിടങ്ങളിലും വേനലിന്റെ പ്രതീതിയാണ്. പുല്‍പള്ളി, മുളളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ തീരെയില്ല. കബനി നദിയടക്കം വരണ്ട നിലയിലാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുള്ളത് പോലെ പാറക്കെട്ടുകള്‍ തെളിഞ്ഞു കാണാം നിലയിലാണ് കബനി.