FeatureNEWS

ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം

പത്തനംതിട്ട:ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം.
പാരിസ്ഥിതിക ഘടകങ്ങളും നായകളിലെ ആക്രമണ സാധ്യതകളെയും കുറിച്ച്‌ നടത്തിയ സമഗ്ര പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണല്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണമാണ് പഠന ഫലങ്ങള്‍ പുറത്തുവിട്ടത്.
കാലാവസ്ഥയും,വായു മലിനീകരണവും നായകളില്‍ മനുഷ്യനെ ആക്രമിക്കാനുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതായിരുന്നു ഗവേഷകര്‍ പ്രധാനമായും പരിശോധിച്ചത്. ചൂട്, വെയില്‍, വായുമലിനീകരണം എന്നിവ കൂടുതലുള്ള സമയങ്ങളില്‍ നായകളുടെ ആക്രമണ സാധ്യത 11 ശതമാനത്തോളം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മനുഷ്യനും നായകളും തമ്മിലുള്ള സമ്ബര്‍ക്കത്തില്‍ നായകള്‍ക്ക് ശത്രുതാ സ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറുന്നത് ചൂട്, വെയില്‍ അതുമല്ലെങ്കില്‍ മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയില്‍ ആയിരിക്കുമെന്നാണ് സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണലില്‍ പറയുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ അളവ് കൂടിയ ദിവസങ്ങളില്‍ 11 ശതമാനവും, ചൂട് കൂടിയ ദിവസങ്ങളില്‍ 4 ശതമാനവും, ഓസോണ്‍ അളവ് കൂടുതലുളള ദിവസങ്ങളില്‍ 3 ശതമാനവുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ മഴയുള്ള ദിവസങ്ങളില്‍ നായ മനുഷ്യരെ കടിക്കുന്നത് ഒരു ശതമാനത്തോളം കുറയുന്നതായാണ് കണക്കുകള്‍. മാത്രമല്ല അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും നായകള്‍ ഉപദ്രവകാരികളാകുമെന്നാണ് പഠനത്തിലൂടെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുള്ളത്.

Back to top button
error: