ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയിൽ പാർട്ടിയിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. കൂടാതെ എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.
കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് നാല് ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാൻ ആണ്. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
അതേസമയം, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, ടി കെ ദേവകുമാർ എന്നിവരെ താക്കീത് മാത്രമാണ് നൽകിയത്. പാലക്കാട് ജില്ലയിലും വിഭാഗീയതയിൽ കടുത്ത നടപടികളാണ് സിപിഎം കൈക്കൊണ്ടിട്ടുള്ളത്. വിഭാഗീയത ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്നാണ് വിമർശനം ഉയർന്നത്. വിഭാഗീയ പ്രവർത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ താക്കീത് നൽകി. വിഭാഗീയത രൂക്ഷമായ ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.