KeralaNEWS

സുധാകരനെ വിളിപ്പിച്ചത് പോക്സോ കേസിലല്ല; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ ആരോപണത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്. പോക്സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നവെന്നായിരുന്നു ഗോവിന്ദന്‍െ്‌റ ആരോപണം. പോക്സോ കേസില്‍ സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നും പ്രതിയും കെ. സുധാകരന്‍ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്. പോക്സോ കേസിലല്ല സുധാകരനെ ചോദ്യംചെയ്യുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Signature-ad

പോക്സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. അത്തരത്തിലൊരു മൊഴി പെണ്‍കുട്ടി നല്‍കിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മുഖവിലയ്ക്കെടുത്തില്ലെന്നതടക്കമുള്ള നിയമപ്രശ്നങ്ങള്‍ ഉടലെടുക്കുമായിരുന്നു.

സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയെ ഉദ്ധരിച്ചായിരുന്നു എം.വി. ഗോവിന്ദന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. 164-ാം വകുപ്പ് പ്രകാരം പരാതിക്കാരി നല്‍കിയ മൊഴി സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യം ബാക്കിനില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Back to top button
error: