കക്കാട് ഗ്യാസ് അധിഷ്ഠിത പവർ സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള ട്രാൻസ്ഫോമർ പൊലീസ് അകമ്പടിയോടെ വടശേരിക്കര ∙ ശബരിമല പാതയിലൂടെ വിഐപി യാത്ര നടത്തി. കക്കാട് പുതുതായി നിർമിക്കുന്ന വാതക അധിഷ്ഠിത പവർ ഹൗസിൽ സ്ഥാപിക്കാൻ അങ്കമാലി ടെൽക്കിൽ നിന്ന് ട്രാൻസ്ഫോമർ കൊണ്ടുവന്നത്. കൊച്ചി കേന്ദ്രമായ സ്വകാര്യ ക്രെയിൻ ആൻഡ് ട്രെയിലേഴ്സ് കമ്പനിയാണ് അങ്കമാലിയിൽ നിന്ന് ഇത് കക്കാട്ട് എത്തിക്കാനുള്ള കരാറെടുത്തത്.
ട്രക്കുമായി ബന്ധിപ്പിച്ച 40 ചക്രങ്ങളുള്ള ട്രെയിലറിലായിരുന്നു ട്രാൻസ്ഫോമറിന്റെ യാത്ര. അതും ഒച്ചിഴയും വേഗത്തിൽ. വൈദ്യുതി ലൈനുകളിൽ ട്രാൻസ്ഫോമർ തട്ടാതിരിക്കാൻ തോട്ടി ഉപയോഗിച്ച് ലൈനുകൾ ഉയർത്തി കൊടുക്കുന്നുണ്ട്. ഇതിനായി പ്രത്യേകം പണിക്കാർ വാഹനത്തിനൊപ്പം നടക്കുന്നുണ്ട്. യാത്ര സുഗമമാക്കുന്നതിന് കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ലൈനുകൾ ഓഫാക്കി നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലൂടെ വാഹനമെത്തിയത്. രാത്രി 11നു കന്നാംപാലം ജംക്‌ഷനിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 7 നാണ് വടശേരിക്കര ടൗണിലൂടെ കടന്നു പോയത്. രാവിലെ 8ന് മുണ്ടപ്ലാക്കൽപടി കടവിനു സമീപമെത്തി. ഇവിടെ വശത്തേക്ക് വാഹനം ഒതുക്കിയിടുന്നതിനിടെ വട്ട മരത്തിന്റെ ശിഖരം ഒടിഞ്ഞ് ട്രെയിലറിൽ വീണിരുന്നു. പിന്നീട് മഠത്തുംമൂഴി യാത്ര തുടർന്നു.
ജില്ലയിൽ 2 വാതക (ഗ്യാസ്) അധിഷ്ഠിത 220 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുന്നു. പത്തനംതിട്ടയും കക്കാട്ടുമാണ് കിഫ്ബി പദ്ധതിയിൽ 300 കോടി രൂപ ചെലവഴിച്ച് സബ് സ്റ്റേഷനുകളും 57 കിലോമീറ്റർ 220 കെവി ലൈനും സ്ഥാപിക്കുന്നത്. മൂഴിയാർ, കൂടംകുളം എന്നീ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് ജില്ലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സീതത്തോട്, പത്തനംതിട്ട സബ് സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സീതത്തോട്ടിൽ സ്ഥാപിക്കാനുള്ള 220 കെവി ട്രാൻസ്ഫോമർ അങ്കമാലി ടെൽക്കിൽ നിന്ന് എത്തിച്ചു. സാധാരണ 220 കെവി സബ് സ്റ്റേഷൻ നിർമിക്കുന്നതിന് 5 ഏക്കർ സ്ഥലം വേണം. എന്നാൽ വാതക അധിഷ്ഠിത സബ് സ്റ്റേഷൻ നിർമിക്കുന്നതിന് കെട്ടിടവും ട്രാൻസ്ഫോമർ സ്ഥാപിക്കാനുള്ള സ്ഥലവും മതി.
റിമോട്ട് സിസ്റ്റം ഉപയോഗിച്ച് പൂർണമായും ഒട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സബ് സ്റ്റേഷനാണിത്. ജീവനക്കാരുണ്ടാകില്ല. സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു മാത്രം ചെലവ് 100 കോടി രൂപയാണ്.