തിരുവനന്തപുരം: മാധ്യമ വിരോധ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തിൽ സിപിഎമ്മിനകത്ത് തന്നെ വലിയൊരു ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അതിരുകടക്കുന്ന വിമർശനവും പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ എടുക്കുന്ന നടപടികളും അപക്വമെന്നാണ് വിമർശനം. എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യം വച്ചായിരുന്നു എന്ന് ഇടതുമുന്നണി ഘടകക്ഷി നേതാവ് കൂടിയായ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എംവി ശ്രേയാംസ് കുമാറിന്റെ പ്രതികരണം, ഇക്കാര്യത്തിൽ മുന്നണിക്ക് അകത്തെ അസംതൃപ്തി കൂടി വിരൽ ചൂണ്ടുന്നു.
വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന നടപടി എന്ന പൊതു വിലയിരുത്തൽ പാർട്ടിക്കും സർക്കാരിനും പേരുദോഷമുണ്ടാക്കുന്നെന്ന നിലപാടാണ് സിപിഎം നേതൃനിരയിലെ മിക്കവർക്കുമുള്ളത്. ഒരു വശത്ത് മാധ്യമ സ്വാതന്ത്ര്യം പ്രഖ്യാപിത നയമായി സിപിഎം കേന്ദ്ര നേതൃത്വം അടക്കം കൊണ്ടുനടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എസ്എഫ്ഐ നേതാവിനെതിരായ ആരോപണം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് മുതൽ, വിഷയത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം വരെ അതിരുകടന്നുവെന്ന വിമർശനം ശക്തമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും ക്രൈം ബ്രാഞ്ച് എഡിജിപി എംആർ അജിത് കുമാറും മാത്രം അറിഞ്ഞ് നടത്തിയ നീക്കത്തിൽ പാർട്ടിയും സർക്കാരും ഒരുപോലെ വെട്ടിലായെന്നാണ് മുതിർന്ന നേതാക്കൾ പോലും സമ്മതിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം അറിഞ്ഞെടുക്കുന്ന തീരുമാനങ്ങൾ അതിശയിപ്പിക്കുന്നതെന്നാണ് നേതാക്കളിൽ ചിലരുടെ പ്രതികരണം. മന്ത്രിമാരിൽ ചിലർക്കും അതൃപ്തിയുണ്ട്. സംഘടനാ ചട്ടക്കൂടിന് പുറത്ത് വന്നുള്ള പ്രതികരണങ്ങൾക്ക് പക്ഷെ പലരും തയ്യാറാകുന്നില്ലെന്ന് മാത്രം.
എലത്തൂർ കേസിൽ മാതൃഭൂമി ജീവനക്കാർക്കെതിരായ കേസ് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിക്കാനാണെന്ന് എംവി ശ്രേയാംസ് കുമാർ പരസ്യ നിലപാടെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൻറെ മിണ്ടാനാണ് തീരുമാനം പ്രത്യേക പരിപാടിയിലായിരുന്നു ഇത്. സർക്കാർ നടപടിയെ ന്യായീകരിക്കുന്ന കാനം രാജേന്ദ്രന്റെ പ്രതികരണത്തിൽ സിപിഐക്ക് അകത്തും അതൃപ്തിയുണ്ടെന്നാണ് വിവരം. വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തിയ ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്. 30 ന് സംസ്ഥാന സെക്രട്ടേറിയറ്റും ഒന്നും രണ്ടും തീയതികളിൽ സംസ്ഥാന സമിതിയും ചേരും. മാധ്യമങ്ങളോടുള്ള നയസമീപനം അടക്കം സമീപകാല വിവാദങ്ങളിലെല്ലാം വിശദമായ ചർച്ചയുണ്ടാകും.