തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോള്‍ സംസ്ഥാനത്തെ ഇന്ധന വില്പനയില് ഇടിവ്. സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും ചരക്കു വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഡീസല്‍ നിറയ്ക്കുന്നതു പതിവാക്കിയതുമാകാം ഈ കുറവിനു കാരണം. വില്പന ഇടിഞ്ഞതോടെ നികുതിയിനത്തില്‍ സര്‍ക്കാരിനു നഷ്ടവും ഏറെ.
കഴിഞ്ഞ ഏപ്രില്‍ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിന് 109.42 രൂപയും ഡീസലിന് 98.24 രൂപയുമായി വില ഉയര്‍ന്നു. ഈ മാര്‍ച്ചില്‍ 21.21 കോടി ലിറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്പന 19.73 കോടി ലിറ്ററായി താഴ്ന്നു. 1.48 കോടി ലിറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാര്‍ച്ചില്‍ 26.66 കോടി ലീറ്റര്‍ വിറ്റെങ്കില്‍ ഏപ്രിലില്‍ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലിറ്റര്‍ കുറവ്.
2022 ഏപ്രിലില്‍ 19.98 കോടി ലിറ്റര്‍ പെട്രോളും 23.78 കോടി ലിറ്റര്‍ ഡീസലുമാണു വിറ്റത്. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. വില്പന കുറഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളമാണു മാര്‍ച്ച്ഏപ്രില്‍ നികുതി വരുമാന വ്യത്യാസം.
പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ വില്പന ഓരോ മാസവും കൂടുകയാണ് ചെയ്യുക. കോവിഡ് കാലത്തു മാത്രമാണ് ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞത്. സെസ് ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനാന്തര ചരക്കു വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നാക്കി. കെഎസ്ആര്‍ടിസി പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.