വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. രണ്ട് മാസമായി ഒളിവിലായിരുന്നു. ബാംഗ്ലൂരില്‍ വെച്ചാണ് ഒളിവില്‍ താമസിക്കവെ ഇയാള്‍ പിടിയിലായത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പണം നഷ്ട്ടപ്പെട്ട ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് മുന്‍ എംഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിലെ എം.ഡി സജി എന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. സജി സെബാസ്റ്റ്യനും മറ്റൊരു ഡയറക്ടറായ ജോര്‍ജും നിലവില്‍ റിമാന്റിലാണ്. സുൽക്കാൻ ബത്തേരി ആസ്ഥാനമായി 2007 -ൽ പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 24 ബ്രാഞ്ചുകളാണ് ഉള്ളത്. 148 ജീവനക്കാരും ഉണ്ട്. ഏപ്രിൽ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി. പല സ്ഥലങ്ങളിൽ നിന്നായി ചിട്ടിയിൽ ചേർന്ന ഉപഭോക്താക്കൾക്ക് 25 കോടി രൂപയെങ്കിലും നൽകാനുണ്ടെന്നാണ് അറിവായ വിവരം.
ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നിലെന്നാരോപിച്ച് ജീവനക്കാരും രംഗത്തു വന്നിരുന്നു. കണ്ണൂർ തളാപ്പിലും തലശ്ശേരി ടി.സി. മുക്കിലും കൂത്തുപറമ്പിലും മറ്റും ന്യൂറുകണക്കിനു നിക്ഷേപകരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.