Movie

വിനീത് നായകനും തെലുഗു നടി സാക്ഷി ശിവാനന്ദ് നായികയുമായി നടിച്ച ഭരതന്റെ ‘മഞ്ജീരധ്വനി’ എത്തിയിട്ട് ഇന്ന് കാൽ നൂറ്റാണ്ട്

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  ഭരതന്റെ ‘മഞ്ജീരധ്വനി’ റിലീസ് ചെയ്‌തിട്ട് 25 വർഷം. തെലുഗു നടി സാക്ഷി ശിവാനന്ദിന്റെ ഏക മുഴുനീള മലയാള ചിത്രം. ചിലമ്പിന്റെ ശബ്‌ദം എന്നാണ് മഞ്ജീരധ്വനിയുടെ അർത്ഥം. ഭരതന്റെ കഥയും തിരക്കഥയും. ജോൺപോൾ ആണ് സംഭാഷണം. 1998 ജൂൺ 13 റിലീസ്. ഭരതൻ തെലുഗിൽ ചെയ്‌ത ‘പ്രിയുരാലു’ എന്ന ചിത്രത്തിന്റെ മലയാള പതിപ്പ്.

Signature-ad

ഒരു ഉപരിവർഗ കൂട്ടുകുടുബത്തിൽ സംഭവിക്കുന്ന മിശ്രജാതി പ്രണയവും, പകയും, സാഹചര്യം ഒന്നിപ്പിക്കുന്ന സ്നേഹവുമൊക്കെയാണ് സിനിമയിൽ കാണുക. വിനീത് നായകൻ. തമിഴ് നടൻ നാസർ സാക്ഷിയുടെ അച്ഛൻ വേഷം ചെയ്‌തു.

മെഡിക്കൽ വിദ്യാർത്ഥിനിയായ അശ്വനി (സാക്ഷി) എഞ്ചിനീയറിങ്ങ് ബിരുദധാരിയായ, ട്രെയിനിലും മറ്റും കൗതുക വസ്‌തുക്കൾ വിറ്റ് ജീവിക്കുന്ന മനുവുമായി (വിനീത്) സാഹചര്യവശാൽ കണ്ടുമുട്ടുന്നു, കൂടെ യാത്ര ചെയ്യുന്നു. അശ്വനിയുടെ തറവാട്ടിൽ കൂട്ടുപഠനത്തിനെന്ന പേരിൽ താമസിക്കാനാണ് അതിനോടകം സുഹൃത്തുക്കളായ അവരുടെ പ്ളാൻ.
ആ തറവാട്ടിൽ പണ്ട് കീഴ് ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ ഒരു സ്ത്രീയുണ്ട് (ശാന്തികൃഷ്ണ). അവരുടെ സഹോദരന്റെ (നാസർ) മകളാണ് അശ്വിനി. ഒളിച്ചോടിയ സഹോദരിയോടുള്ള കലിപ്പ് തറവാട്ട് കാരണവർക്ക് തീർന്നിട്ടില്ല.

താമസിയാതെ പ്രേക്ഷകർ അറിയും മനു ആ സഹോദരിയുടെ മകനാണെന്ന്. അപ്പോഴേയ്ക്കും മനു- അശ്വിനി ബന്ധം ചിലമ്പും അതിന്റെ ഒച്ചയും പോലെ വേർതിരിക്കാനാവാതെ ആയിപ്പോയല്ലോ. കുടുംബകാരണവർ ആദ്യം എതിർത്തെങ്കിലും മരിച്ചു പോയ സഹോദരിയുടെ ഓർമ്മ അയാളുടെ മനസ് മാറ്റുന്നു.

എംഡി രാജേന്ദ്രൻ- ഇളയരാജ ടീമായിരുന്നു ഗാനവിഭാഗം. ഭരതനും ഇളയരാജയും സഹകരിച്ച ഏകചിത്രമാണ് ‘മഞ്ജീരധ്വനി’.

Back to top button
error: