കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിൽ നടന്നതും നടത്തിയതുമായ വികസനം തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന സി.പി.എം. നേതാക്കളുടെ ആരോപണം നീതിബോധമുള്ളവർക്ക് ചേർന്നതല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം നിയോജക മണ്ഡലത്തിലെ വർക്കുകളെക്കുറിച്ച് സി.പി.എം. നേതൃത്വത്തിൽ നടത്തിയ പ്രസ്താവനകൾ വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെയും, ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിന്റെയും യാതൊരുവിധ ഓർഡറുകളും ഇല്ല എന്നും , ഉണ്ടെങ്കിൽ കോട്ടയം എം. എൽ. എ. കാണിക്കണമെന്നും സി.പി.എം. നേതാവ് വെല്ലുവിളിച്ചിരുന്നു. എന്നാൽ കുഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ടെക്‌നിക്കൽ സാങ്ഷനും പൂർത്തിയായി വർക്ക് തുടങ്ങുവാൻ ആരംഭിച്ചപ്പോഴാണ് ഈ പദ്ധതി മുടക്കിയത്. അതുപോലെ തന്നെ കോടിമത രണ്ടാം പാലത്തിന്റെ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നും പറയുകയുണ്ടായി. എന്നാൽ അത് വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഈ അപ്രോച്ച് റോഡ് വരുന്ന സ്ഥലം ഗവൺമെന്റിന്റെ കൈവശമുള്ള (റവന്യൂ പുറമ്പോക്ക്) സ്ഥലത്താണ് ഈ രണ്ട് വീടുകൾ താൽക്കാലിക വീടുകൾ ഉണ്ടായിരുന്നത്. ഗവൺമെന്റ് മാറിയപ്പോൾ അവരെ ഒഴിപ്പിക്കാതിരുന്നതുമൂലമാണ് നിർമ്മാണം വീണ്ടും തടസ്സപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ചിങ്ങവനം സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിനായി ഒരു നടപടികളും തുടങ്ങിയില്ല എന്നും ആരോപിച്ചിരുന്നു. എന്നാൽ യു. ഡി. എഫിന്റെ കാലത്ത് 11, 25 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ബാക്കി വരുന്ന സ്ഥലം ഏറ്റെടുക്കാൻ കലക്ടറെ ചുമലതപ്പെടുത്തിക്കൊണ്ട് ഓർഡർ ഇറങ്ങിയിട്ടുള്ളതുമാണ്. ഇതുകൂടാതെ സ്‌പോർട്ട്‌സ് ഇൻസ്റ്റിറ്റിയൂട്ടിനുവേണ്ടി 4 തസ്തികകൾ സൃഷ്ടിക്കുകയും അതിന്റെ ഡയറക്ടറായി ബിനു ജോർജ്ജ് വർഗീസിനെ നിയമിക്കുകയും ചെയ്തതാണ്. സ്‌പോർട്‌സ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചിലവുകൾക്കായി ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്ലാൻ ഫണ്ടിന്റെ വിഹിതത്തിൽ നിന്നും വഹിക്കേണ്ടതാണ് എന്നും ഓർഡർ ഇറങ്ങുകയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും തെളിവുകൾ നിലനിൽക്കെയാണ് ഈ വ്യാജ പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലെ തന്നെ സ്‌കൈവാക്കിനെക്കുറിച്ചും തെറ്റിദ്ധാരണ പടർത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തി. എന്നാൽ സ്ഥലം ഏറ്റെടുക്കാതിരുന്നതുകൊണ്ടല്ല പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇത് നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാത്തതുകൊണ്ടാണ് ഇതിനാവശ്യമായ ഫണ്ട് ഉണ്ടായിട്ടും ഈ വർക്ക് നടക്കാത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.