KeralaNEWS

കോടതിയലക്ഷ്യക്കേസിൽ കെ.എം ഷാജഹാനു കുരുക്ക് മുറുകി, യു ട്യൂബ് ചാനലിലൂടെ ആരോപണം തിരുത്തി മാപ്പുപറയണമെന്ന് ഹൈക്കോടതി

  സത്യത്തിന്റെ അപ്പസ്തോലൻ എന്ന മട്ടിലാണ് കെ.എം ഷാജഹാൻ സ്വന്തം യു ട്യൂബ് ചാനലിലൂടെ തനിക്കു പകയുള്ള ഓരോരുത്തരെയും പുലഭ്യം പറയുന്നത്. ഇത് മാന്യതയാണോ മാധ്യമ പ്രവർത്തനമാണോ എന്ന് പൊതുസമുഹം ഉറപ്പായും ചിന്തിച്ചിട്ടുണ്ടാവണം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയലക്ഷ്യക്കേസിൽ ഒടുവിൽ വെള്ളം കുടിക്കുകയാണ്.

ഹൈക്കോടതി ജഡ്‌ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നുള്ള ക്രിമിനൽ കോടതിയലക്ഷ്യ ഹർജിയിൽ ഷാജഹാന്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാൻ നൽകിയ സത്യവാങ്‌മൂലം നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല യു ട്യൂബ് ചാനലിലൂടെ ആരോപണം തിരുത്തണമെന്നും നിർദേശിച്ചു. ജസ്റ്റിസ് പി.ബി സുരേഷ്‌ കുമാർ, ജസ്റ്റിസ്‌ സി.എസ്‌ സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നിർദേശം.

Signature-ad

യു ട്യൂബ് ചാനലിലൂടെ ജഡ്‌ജിക്കെതിരേ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന്‌ മാപ്പ്‌ നൽകണമെന്നും ഷാജഹാൻ സത്യവാങ്മൂലത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല. അതിനാൽ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇതിനെ തുടർന്ന് നിരുപാധികം മാപ്പ്‌ അപേക്ഷിച്ച്‌ മറ്റൊരു സത്യവാങ്‌മൂലം നൽകാമെന്ന്‌ ഷാജഹാൻ കോടതിയെ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം മതിയാവില്ലെന്നും യു ട്യൂബ്‌ ചാനലിലൂടെ മാപ്പുപറഞ്ഞ് അതിന്റെ പകർപ്പ്‌ ഹാജരാക്കണമെന്നും കോടതി നിർദ്ദേശം നൽകി.

ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരും.  അതിനാൽ ഷാജഹാനെതിരേ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഷാജഹാൻ ഹാജരാകാതിരുന്നതും കോടതിയുടെ അതൃപ്തിക്കിടയാക്കി.

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻ തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ യു ട്യൂബ് ചാനലിൽ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഷാജഹാൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് ഇപ്പോൾ.

Back to top button
error: