ബെംഗളൂരു: പാർട്ടി പ്രവർത്തകൻറെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി തോളിലേറ്റി നടക്കുന്ന കർണാടക സ്പീക്കർ യു ടി ഖാദറിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഉള്ളാൾ മുടിപ്പൂവിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രശാന്ത് കജാവയുടെ സഹോദരൻ ശരത് കജാവയുടെ മൃതദേഹമാണ് സഹപ്രവർത്തകർക്കൊപ്പം ചേർന്ന് യു ടി ഖാദർ തോളിലേറ്റിയത്. ഹിന്ദു – മുസ്ലിം സംഘർഷങ്ങൾ സ്ഥിരം നടക്കുന്ന തീരദേശ കർണാടക മേഖലയിൽ, മതം നോക്കാതെ, സ്വന്തം പാർട്ടി പ്രവർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് സഹപ്രവർത്തകൻറെ മൃതദേഹമേന്തിയ യു ടി ഖാദറിനെ അഭിനന്ദിച്ചും സമൂഹമാധ്യമങ്ങളിൽ കമൻറുകൾ നിറയുന്നു.
മംഗളുരു എംഎൽഎയും മലയാളിയുമാണ് കർണാടക സ്പീക്കർ യു ടി ഖാദർ. സ്പീക്കർ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ആയിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥിയെ നിർത്താത്തതിനാൽ തെരഞ്ഞെടുപ്പ് നടന്നില്ല. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിൻറെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.
വമ്പൻ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കഴിഞ്ഞ മാസമാണ് അധികാരമേറ്റത്. ആദ്യനിയമസഭാ സമ്മേളനത്തിൽ 223 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തതു രണ്ടാം ഘട്ടത്തിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത്, ആകെ 34 മന്ത്രിമാരാണ് കർണാടയിൽ ചുമതലയേറ്റത്.