കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. എന്നാൽ കേസ് അഗളി സ്‌റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പോലീസിൽ അതൃപ്തിയുണ്ട്. അഭിമുഖത്തിന് എത്തിയെന്നതൊഴികെ, കേസിന് അട്ടപ്പാടിയുമായി ബന്ധമില്ലെന്നതാണ് അഗളി പൊലീസിന്റെ വാദം. വിദ്യ വ്യാജരേഖ ഹാജരാക്കിയ അട്ടപ്പാടി കോളേജ് പരാതി നൽകാൻ തയ്യാറുമല്ല.
അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിയാണ് വിദ്യയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. ലാലി വർഷങ്ങളോളം മഹാരാജാസിലെ അധ്യാപികയിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല കോളേജിൽ വിദ്യ ഒരു വർഷം പഠിപ്പിച്ചിരുന്നു. അവിടെ രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ല. കാസർകോട് കരിന്തളം ആർട്സ് ആൻറ് സയൻസ് കോളേജിലെ അധ്യാപികയാകാൻ വിദ്യ ഇതേ വ്യാജരേഖയാണ് സമർപ്പിച്ചത്.