ഗുവാഹത്തി: പട്ടിയിറച്ചി നിരോധിച്ച നാഗാലാൻസ് സര്‍ക്കാര്‍ നടപടി ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കി.
വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാൻഡ് സര്‍ക്കാര്‍ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്.
പട്ടിയിറച്ചി നാഗകള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണെന്ന് ജസ്റ്റിസ് മാര്‍ലി വങ്കുങ് വിധിയില്‍ ചൂണ്ടിക്കാട്ടി. പട്ടിയിറച്ചി വില്‍പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നേടാൻ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ്‌സ് (ഫുഡ് പ്രൊഡക്‌ട്‌സ് സ്റ്റാൻഡേര്‍ഡ്‌സ് ആൻഡ് ഫുഡ് അഡിറ്റീവുകള്‍) റെഗുലേഷന്റെ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍ നായകളെ പരാമര്‍ശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാൻകുങ് അഭിപ്രായപ്പെട്ടു. നാഗാലാൻഡിലെ വിവിധ ഗോത്രക്കാര്‍ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാൻ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവര്‍ക്കിടയിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
നാഗാലാൻഡ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.