Movie

ദിലീപും മോഹിനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തുളസീദാസിന്റെ ‘മായപ്പൊന്മാൻ’ എത്തിയിട്ട് 26 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

      തുളസീദാസിന്റെ ‘മായപ്പൊന്മാൻ’ പറന്നിറങ്ങിയിട്ട് 26 വർഷം പൂർത്തിയാകുന്നു. ഹോളിവുഡ് ചിത്രം ഓവർബോർഡ് (1987) സ്വാധീനം. രചന ജെ പള്ളാശ്ശേരി. ഓർമ്മ നഷ്‌ടപ്പെട്ട സമ്പന്നയുവതിയും സാധാരണക്കാരനും തമ്മിലുള്ള ‘രക്ഷകൻ-ഇര’ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപ്, മോഹിനി എന്നിവരോടൊപ്പം കലാഭവൻ മണി, ജഗതി, പപ്പു, കൊച്ചിൻ ഹനീഫ മുതലായവർ വേഷമിട്ടു. കുമരകം രഘുനാഥ് വില്ലൻ. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി. വി ആന്റണി, പി. എ വേലായുധൻ, പി. സി ഏലിയാസ് എന്നീ മൂന്ന് പേർ ചേർന്നായിരുന്നു നിർമ്മാണം.

Signature-ad

കാനഡയിൽ നിന്നും നാട്ടിലെ തറവാട്ടുവീട്ടിൽ സ്ഥിരതാമസത്തിനെത്തിയ നന്ദിനി (മോഹിനി) വീട്ടുകാർക്കും എസ്‌റ്റേറ്റ് നടത്തിപ്പുകാർക്കും ‘ഭീഷണി’യാണ്- ആനയും അമ്പാരിയുമുള്ള വീട്ടുസ്വത്തിന് അവകാശി എന്ന നിലയിൽ. നന്ദിനിയെ കൊല്ലാൻ വീട്ടുകാർ ക്വട്ടേഷൻ കൊടുക്കുന്നു. ആ കാർ ബോംബ് ഉദ്യമം പരാജയപ്പെട്ടു. രക്ഷകനായി വന്നത് ദിലീപിന്റെ മെക്കാനിക്. പിന്നെയും ഉദ്യമങ്ങൾ; പരാജയങ്ങൾ. ഒടുവിൽ സ്വത്ത് തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയ വീട്ടുകാർ സ്വയം കുഴിച്ച കുഴിയിൽ.
സാധാരണക്കാരന് സമ്പന്ന സ്വന്തമായി.

എസ് രമേശൻ നായർ-മോഹൻ സിത്താര ടീമിന്റെ ഗാനങ്ങളിൽ ‘അമ്മാനം ചെമ്മാനം’ ഹിറ്റായി. ആ ഗാനത്തോടൊപ്പം ‘കതിരോലത്തുമ്പി’ എന്ന ഗാനവും പുരുഷ-സ്ത്രീ സ്വരങ്ങളിലുണ്ട്. മറ്റ് മൂന്ന് പാട്ടുകൾ കൂടിയുണ്ടായിരുന്നു.

കമലിന്റെ ഗസൽ എന്ന ചിത്രത്തിൽ നടി മോഹിനി അഭിനയിക്കുമ്പോൾ ദിലീപ് അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു. എം.ടി- ഹരിഹരൻ ടീമിന്റെ പരിണയം (അപ്പോൾ 15 വയസ്സ്) ഉൾപ്പെടെ ഏതാനും ഹിറ്റ് ചിത്രങ്ങൾ മോഹിനിയുടെ ക്രെഡിറ്റിലുണ്ട്. മലയാളിയായ ഭരതിനെയാണ് വിവാഹം ചെയ്‌തത്‌. ഇടയ്ക്ക് വിഷാദരോഗം മൂലം ആത്മഹത്യാ ശ്രമങ്ങൾ നടത്തിയ മോഹിനി ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. പിന്നീട് ആത്മീയ ജീവിതത്തിൽ തൽപരയായി മോഹിനി ക്രിസ്റ്റീന ശ്രീനിവാസൻ എന്നറിയപ്പെട്ടിരുന്നു.

Back to top button
error: