KeralaNEWS

ഓൺലൈൻ സമ്മാന പദ്ധതി, ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ

ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ പ്രതികളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നാപ്തോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി കാർ സമ്മാനമായി ലഭിച്ചു എന്നു പ്രചരിപിച്ചുകൊണ്ട് നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ മലയാളികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര സ്വദേശി, തൊടുപുഴക്കടുത്ത് കരിങ്കുന്നത്ത് താമസിക്കുന്ന മനു ചന്ദ്രൻ (35), ആലുവ കീഴ്മാട് പഞ്ചായത്ത് ചെന്താര വീട്ടിൽ ലിഷിൽ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കരിങ്കുന്നത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ”ഥാർ’ വാഹനം സമ്മാനമായി ലഭിച്ചെന്നും, വാഹനം ലഭിക്കുന്നതിനു സർവ്വീസ് ചാർജ്ജും വിവിധ ടാക്സ് ചാർജ്ജുകളിലേയ്ക്കുമായ പണം നൽകണമെന്ന് വിശ്വസിപ്പിച്ചു. അപ്രകാരം
പരാതിക്കാരിയിൽ നിന്ന് 16 തവണകളായി 8,22,100 രൂപ പ്രതികളുടെ വിവിധ അക്കൌണ്ടുകളിലേയ്ക്ക് അയപ്പിച്ചു.

Signature-ad

വാഹനം ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെടുയും ചെയ്തു. സംശയം തോന്നിയ പരാതിക്കാരി ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘം രൂപീകരിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും, രണ്ടായിരത്തോളം ഫോൺ വിളികളും പരിശോധിച്ചും മറ്റു ശാസ്ത്രീയമാർഗ്ഗങ്ങളിലൂടെയുമാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ കെ പി വിനോദ്, എ എസ് ഐമാരായ സജികുമാർ, ശരത്ത്ചന്ദ്രൻ എന്നിവരും എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ സെല്ല് വിദഗ്ദധരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ ആളുകൾ ഇത്തരം തട്ടിപ്പിനു ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് പൊലീസ്.

Back to top button
error: