KeralaNEWS

കേരളത്തിൽ മഴ വൈകും, ചക്രവാതച്ചുഴിയില്‍പ്പെട്ട് കാലവര്‍ഷക്കാറ്റ് അകന്നു, ദിശ മാറുമെന്നും ദുര്‍ബലമാകുമെന്നും നിഗമനം

    സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ വൈകുന്നത്, പടിവാതില്‍ക്കലെത്തിയ കാലവര്‍ഷക്കാറ്റ് അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയില്‍ പെട്ടതു മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ കാലവര്‍ഷം ശക്തമാകാന്‍ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കുമെന്നാണ് നിഗമനം. നേരത്തേ, നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ചക്രവാതച്ചുഴി ചുഴലിയാകുമ്പോള്‍ ദിശമാറിയേക്കുമെന്ന നിരീക്ഷണവുമുണ്ട്.

ഇതിനിടയില്‍, കാലവര്‍ഷം എത്തിയാലും അത് ദുര്‍ബലമാകാനുള്ള സാധ്യതയും ഉണ്ട്.  ചുഴലിയുടെ സ്വാധീനത്തില്‍ വരുംദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. മഴക്കാലം ഇത്തവണ വൈകില്ല എന്നായിരുന്നു ഏജന്‍സികളുടെ ആദ്യ അറിയിപ്പ്.

എന്നാല്‍ അന്തരീക്ഷത്തിലുണ്ടായ മാറ്റത്തില്‍ അതുണ്ടായില്ല. കാലവര്‍ഷക്കാറ്റ് അതിന്റെ ഗതികള്‍ പൂര്‍ത്തിയാക്കി നാല്, അഞ്ച് തീയതികളില്‍ കേരളത്തില്‍ പ്രവേശിക്കുമെന്ന് പിന്നീട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും പ്രവചിച്ചു. ലക്ഷദ്വീപിന്റെ വടക്കുപടിഞ്ഞാറായി മേഘപടലം രൂപംകൊണ്ടതുള്‍പ്പെടെ, അതിനുളള അന്തരീക്ഷവും ഒരുങ്ങി.

ഇതിനിടയിലാണ്, അറബിക്കടലില്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണ്‍ സര്‍കുലേഷന്‍)യുടെ സ്വാധീനമുണ്ടായത്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍, ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി, എട്ടാംതീയതിയോടെ ശക്തമായ ചുഴലിയാകും. അത് 12 ന് കൂടുതല്‍ ശക്തിപ്പെട്ട് 13-ാം തീയതിയോടെ മംഗലാപുരം, ഗോവ പ്രദേശത്തേക്ക് നീങ്ങുമെന്നും 15 ന് മുംബൈ തീരത്തേക്കോ, ഗുജറാത് തീരത്തേക്കോ മാറുമെന്നുമാണ് നിരീക്ഷണം. ചുഴലി കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും അതിന്റെ സ്വാധീനത്തിലാണ് ശക്തമായ മഴയും കാറ്റും ലഭിക്കുക.

പ്രധാന കാലാവസ്ഥ ഏജന്‍സികളുടെ നിലവിലെ മോഡലുകള്‍ അനുസരിച്ച് ചുഴലിക്കാറ്റ് 16 ന് കര തൊടാനാണ് സാധ്യത. അതിന്റെ ഫലമായി ആ മേഖലയില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകാം. വടക്ക് കിഴക്ക് സഞ്ചരിക്കേണ്ട ചുഴലി, വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങാനുള്ള സാധ്യതയും ഇപ്പോള്‍ കാണുന്നുണ്ട്. ദുര്‍ബലമായി തുടങ്ങുന്ന കാലവര്‍ഷം പിന്നീട് മാറിനില്‍ക്കാനുളള സാധ്യത ചില കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

ജൂണിലും ജൂലൈയിലും മഴ കുറയുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ കാലത്ത് അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാകാം. സാധാരണഗതിയില്‍ ന്യൂനമര്‍ദം ചുഴലിയായി മാറാന്‍ രണ്ടുദിവസം വരെ എടുത്തിരുന്നെങ്കില്‍, കാലാവസ്ഥ വ്യതിയാനത്തോടെ, അത് മണിക്കൂറുകള്‍കാണ്ട് സംഭവിക്കുന്നതായി കുസാറ്റ് റഡാര്‍ റിസര്‍ച്ച് കേന്ദ്രത്തിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ് നിരീക്ഷിക്കുന്നു.

കാലവര്‍ഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചെടുത്തതോടെ കടലില്‍ ശക്തമായ മഴ പെയ്യുന്നതായാണ് നിഗമനം. ചക്രവാതം ചുഴലിയാകുന്നതിന് മുന്‍പ് കാലവര്‍ഷം തുടങ്ങുമെന്നും, പിന്നീട് ചുഴലിയുടെ സ്വാധീനത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നുമായിരുന്നു ആദ്യനിഗമനം. ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്. അതും കാലവര്‍ഷക്കാറ്റിനെ ബാധിക്കാം. കഴിഞ്ഞവര്‍ഷം മേയ് അവസാന ദിവസം കാലവര്‍ഷം ആരംഭിച്ചിരുന്നു.

Back to top button
error: