മുംബൈ: നെറ്റ്ഫ്ലിക്സിൽ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നൽകണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്കൂപ്പിൻറെ സംവിധായകൻ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിർമ്മാതാക്കൾക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തൻറെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയിൽ ഹർജി നൽകിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാൽ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ് സീരിസിൽ ഛോട്ടാ രാജൻറെ പേരും ചിത്രവും നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് നിർദ്ദേശിക്കാമെന്ന് രാജൻറെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. എന്നാൽ ഇത്തരം ഒരു നിർദേശം നൽകാൻ കോടതി തയ്യാറായില്ല.
അതേ സമയം നെറ്റ്ഫ്ലിക്സിന് വേണ്ടി കോടതിയിൽ ഹാജറായ അഭിഭാഷകൻ പത്രപ്രവർത്തകൻ ജ്യോതിർമയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് സീരിസിൻറെ ഇതിവൃത്തം എന്നും. അതിൽ ഛോട്ടരാജൻ പ്രതിയാണെന്നും വാദിച്ചു. എന്നാൽ കേസിൽ ഛോട്ടാരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടല്ലോ എന്ന് കോടതി തിരിച്ചു ചോദിച്ചു. മേൽക്കോടതിയിൽ അപ്പീൽ നൽകിയാലും കീഴ്ക്കോടതി ഉത്തരവ് പ്രകാരം പ്രതി കുറ്റവാളി ആയിരിക്കും എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് നെറ്റ്ഫ്ലിക്സ് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ ജ്യോതിർമയി ഡേ കൊലപാതകവുമായി ബന്ധപ്പെട്ടതാണെങ്കിൽ ആ കേസിൽ കൊല്ലപ്പെട്ട ജ്യോതിർമയി ഡേയുടെ പേര് അടക്കം മാറ്റിയാണ് സീരിസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഛോട്ടരാജൻറെ പേര് മാത്രമാണ് അദ്ദേഹത്തിൻറെതായി ഉപയോഗിച്ചതെന്ന് ഛോട്ടരാജൻറെ വക്കീൽ വാദിച്ചു. ഇതിൽ രസകരമായി കോടതി ‘ഛോട്ടാരാജന് ഒരു ഇരട്ടയുണ്ടെങ്കിലോ’ എന്ന് ചോദിച്ചു. എന്നാൽ ഭാഗ്യക്കേട് എന്ന് പറയട്ടെ അത്തരം ഒരു ഇരട്ട സഹോദരൻ ഛോട്ട രാജന് ഇല്ലെന്ന് അയാളുടെ വക്കീൽ പറഞ്ഞു. കേസ് ജൂൺ 7 പരിഗണിക്കും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
2011 ജൂണിലാണ് മുംബൈ ആധോലോകത്തെ സംബന്ധിച്ച് ശ്രദ്ധേയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ഡേ കൊല്ലപ്പെട്ടത്. ഈ കേസിൽ ഛോട്ടാ രാജൻ, മാധ്യമപ്രവർത്തക ജിഗ്ന വോറ ഉൾപ്പെടെ 11 പേർ കേസിൽ പ്രതികളായി. എന്നാൽ പിന്നീട് ഛോട്ടാരാജനെ അടക്കമുള്ളവരെ ശിക്ഷിക്കുകയും ജിഗ്ന വോറയെ വെറുതെ വിടുകയും ചെയ്തു. പിന്നീട് ഈ കേസിലെ അനുഭവങ്ങൾ ജിഗ്ന വോറ പുസ്തകമാക്കി. ഇതാണ് ഹൻസൽ മേത്ത ‘സ്കൂപ്പ്’ എന്ന പേരിൽ സീരിസ് ആക്കിയത്. ഇന്ത്യൻ വെബ് സീരിസുകളിൽ ശ്രദ്ധേയമായ സ്കാം 92 ഒരുക്കിയ വ്യക്തിയാണ് ഹൻസൽ മേത്ത.