KeralaNEWS

ഇരുചക്രവാഹനത്തില്‍ ഒരു കുട്ടികളുമായി യാത്ര ചെയ്യാം; പിഴ ചുമത്തില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ ലംഘനത്തിന് നാളെ രാവിലെ എട്ടുമണി മുതല്‍ എഐ ക്യാമറ പിഴ ചുമത്തി തുടങ്ങുമെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ചുമത്താനിരിക്കേ, നിയമലംഘനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിന്
ആവശ്യമായ നിയമഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമതീരുമാനം കൈക്കൊള്ളുന്നത് വരെ ഇരുചക്രവാഹനത്തില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇതിന് പിഴ ഈടാക്കുന്നതല്ല എന്നും ആന്റണി രാജു പറഞ്ഞു.

Signature-ad

നിലവില്‍ ഗതാഗതനിയമ ലംഘനം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പരാതികള്‍ നല്‍കാന്‍ സംവിധാനമില്ല. എന്നാല്‍ ഇനിമുതല്‍ അതത് പ്രദേശത്തെ എന്‍ഫോഴ്മെന്റ് ആര്‍ടിഒമാര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാവുന്നതാണ്. രണ്ടുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴിയും അപ്പീല്‍ നല്‍കാന്‍ സംവിധാനം ഒരുക്കും. ഇതോടെ നിരപരാധികള്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്ന ആക്ഷേപം ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്് എഐ ക്യാമറകള്‍ എല്ലാം സജ്ജമാണ്. എഐ ക്യാമറ പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡം പ്രകാരമുള്ള ഇളവുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

 

 

Back to top button
error: