ന്യൂഡൽഹി: എക്‌സൈസ് നയം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാൻ സമയം അനുവദിച്ചു. ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഏഴു മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്.
ഈ സമയത്ത് മാധ്യമങ്ങളോട് ഒരു തരത്തിലും ബന്ധപ്പെടുകയോ കുടുംബാംഗങ്ങൾ അല്ലാത്തവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് കർശന നിർദേശമുണ്ട്. ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാനും പാടില്ല. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സിസോദിയ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി വിധി പറയാൻ കോടതി മാറ്റിവെക്കുകയും ചെയ്തു. ഇടക്കാല ജാമ്യത്തെ ഇ.ഡി.നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു.
സമാന കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്ന ശക്തനാണ് സിസോദിയയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.