ബംഗളൂരു: ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു.
ഇതിന് പിന്നാലെ സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പൊലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ് റെഡ്ഡിയെ, ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പിയായി സ്ഥലംമാറ്റി. സി.ഐ.ഡി എ.ഡി.ജി.പിയായ കെ.വി. ശരത് ചന്ദ്രയെ ഇന്റലിജൻസ് എ.ഡി.ജി.പിയായും മാറ്റി നിയമിച്ചു.
ചൊവ്വാഴ്ചയാണ് ഈ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.