അരവിന്ദന്റെ ‘ഒരിടത്ത്’ പ്രദർശനം തുടങ്ങിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
മലയാള സിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന അരവിന്ദന്റെ ‘ഒരിടത്ത്’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 36 വർഷം തികയുന്നു. 1987 മെയ് 28 നായിരുന്നു സംസ്ഥാന, ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ റിലീസ്. ഇടത്തരക്കാരും പാവങ്ങളും നിറഞ്ഞ ഒരു ഗ്രാമത്തിൽ വികസനം കടന്നുവരുമ്പോൾ അവിടെയുണ്ടായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്.
അരവിന്ദന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യൂമറിനാണ് ‘ഒരിടത്ത്’ ഊന്നൽ നൽകുന്നത്. കുഗ്രാമത്തിൽ ആദ്യമായി വൈദ്യുതി വന്നപ്പോഴുണ്ടായ പുകിലാണ് ചിത്രത്തിന്റെ കാതൽ. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, ഇന്നസന്റ്, വിനീത്, സൂര്യ, സിത്താര തുടങ്ങിയവരായിരുന്നു മുഖ്യ അഭിനേതാക്കൾ.
അമ്പതുകളിലെ ഒരു കേരളീയ കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ ഇലക്ട്രിസിറ്റി വരുന്നു.
വികസനം വരുമ്പോൾ അതിനെ എതിർക്കുന്നവരും അതിന്റെ ഗുണഭോക്താകളാകുന്നത് ചിത്രം കാണിക്കുന്നുണ്ട്. നേരെമറിച്ച് ‘ജീവിതം തീർന്ന’വരുമുണ്ട്. ടെക്‌നോളജിയുടെ മറച്ചു പിടിക്കാനാവാത്ത, എതിർക്കാനാവാത്ത കടന്നുവരവാണ് വിഷയം. അന്ന് വൈദ്യുതി. ഇന്ന് നിർമ്മിതബുദ്ധി. പുരോഗതി വരുമ്പോൾ നാട്ടുലാളിത്യങ്ങൾ മങ്ങിപ്പോകും. ഉൾക്കൊള്ളാനാവില്ലെങ്കിലും മാറ്റങ്ങൾ അനിവാര്യമാണ്. അവയോടുള്ള ഗ്രാമസമീപനം അരവിന്ദൻ ഒപ്പിയെടുക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.
‘ഒരിടത്തി’ൽ ഗാനങ്ങൾ ഇല്ല. സൂര്യകാന്തി ഫിലിംസ് ആണ് നിർമ്മാണം. ‘ചിദംബര’ത്തിന് ശേഷം അരവിന്ദൻ എടുത്ത ചിത്രമാണ് ഒരിടത്ത്.