തിരുവനന്തപുരം: ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജ് മാനേജ്മെന്റുകൾക്കെതിരേ കടുത്ത നടപടിക്ക് സാങ്കേതിക സർവകലാശാല. അധ്യാപകർക്ക് ശമ്പളം നൽകാത്ത സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജുകളിൽ കർശന പരിശോധന നടത്തുന്നതിനായി സർവകലാശാല പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. കോട്ടയം ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ജിസാറ്റ്), തൃശൂർ റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, തൃശൂർ ഐഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം ജോൺ കോക്സ് മെമ്മോറിയൽ C.S.I ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എന്നീ ആറ് കോളേജിലുകളിലാകും ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുക.
വിവിധ സ്വാശ്രയ എൻജീനിയറിംഗ് കോളേജുകളും അധ്യാപകർക്ക് കൃത്യ സമയത്ത് ശമ്പളം നൽകുന്നില്ല എന്ന പരാതി ഏറെ നാളുകളായി ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച വിഷയത്തിൽ ഇടപെടണമെന്ന് ഹൈക്കോടതി പല തവണ സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് അധ്യാപകരുടെ പരാതി പ്രകാരം പരിശോധനയുമായി മുന്നോട്ട് പോകുവാൻ സർവകലാശാല തീരുമാനമെടുത്തത്. എല്ലാ കോളേജുകളിലും എഐസിറ്റിഇ, യുജിസി എന്നിവ നിശ്ചയിക്കുന്ന ശമ്പളം നൽകണമെന്ന് സർവകലാശാല പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം നൽകാമെന്ന മാനേജ്‌മെന്റ് സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോളേജുകൾക്ക് അഫിലിയേഷൻ നൽകിയത്. ശമ്പളം നൽകാതിരിക്കുന്നത് അഫിലിയേഷൻ മാനദണ്ഡങ്ങളുടെ ലംഘനമായിരിക്കുമെന്നും സർവകലാശാല ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രാജിവെച്ചവരുടെ ശമ്പളകുടിശികയും നിക്ഷേപവും നൽകിയില്ലെങ്കിലും നടപടി സ്വീകരിക്കും. ഇത്തരത്തിൽ പരാതി ഉയർന്ന കോളേജുകളിൽ അടിയന്തിര പരിശോധന നടത്താനാണ് തീരുമാനം.
പരിശോധനയ്‌ക്കായി സിൻഡിക്കേറ്റ് തലത്തിൽ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി സബ് കമ്മറ്റികൾ മുഖേന കോളേജുകളിൽ പരിശോധന നടത്തും. ഇതിന് ശേഷം തയാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും തുടർനടപടികളെക്കുറിച്ച് സർവകലാശാല തീരുമാനമെടുക്കുക. നിർദ്ദേശം നൽകിയതിന് ശേഷവും അനുസരിക്കാത്ത കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കം സർവകലാശാലയുടെ പരിഗണനയിലുണ്ട്.