LIFEReligion

1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റുമായി സ്രോതസ് ജീവകാരുണ്യ സംഘടനയുടെ “സ്രോതസ് പ്രയോജനി 2023”

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്രോതസ് ജീവകാരുണ്യ സംഘടന ‘സ്രോതസ് പ്രയോജനി 2023’ എന്ന പേരിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ 1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്യുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ആയിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം സ്രോതസ് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സൗജന്യവിദ്യാഭ്യാസ കിറ്റ് വിതരണം.

പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ 11ന് പന്തളം എമിനന്സ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റോ ആൻ്റണി എം.പി. നിർവഹിക്കും. യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക-സഭാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ യോഗത്തിൽ പങ്കെടുക്കും. വിതരണോൽഘാടനത്തോടൊപ്പം സ്കൂളിന്റെ പ്രതിനിധികൾക്ക് സ്റ്റഡി കിറ്റുകളും കൈമാറുമെന്ന് സ്രോതസ് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമായി 2021ൽ ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറി സ്കൂളിലെയും 208 കുട്ടികൾക്ക് സ്കോളർഷിപ് നൽകിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോഴത്തെ സ്രോതസ് പ്രയോജനി എന്ന പേരിലുള്ള പഠനോപകരണ വിതരണ പദ്ധതി. ഷാർജയിലെ മുന്നൂറ്റി അൻപതിലധികം കുടുംബങ്ങൾ ചേർന്ന് 2001-ലാണ് സ്രോതസ് എന്ന സംഘടന രൂപീകരിച്ചത്. ജീവകാരുണ്യ പ്രവർത്തികൾക്ക് എന്നും മുൻഗണന നൽകികൊണ്ട് പ്രവർത്തിക്കുന്ന ഈ സംഘടനക്ക് കഴിഞ്ഞ 22 വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തികൾ നടപ്പാക്കാൻ കഴിഞ്ഞുവെന്നും ഭാരവാഹികൾ പറഞ്ഞു.

സുൽത്താൻ ബത്തേരിയിലും കുന്നംകുളത്തും നടപ്പിലാക്കിയ ഹൗസിങ് പ്രൊജക്ടുകൾ, സമൂഹ വിവാഹ പദ്ധതി, ചികിത്സ സഹായ പദ്ധതി, വിദ്യാഭ്യസ സഹായ പദ്ധതി തുടങ്ങിയവ സ്രോതസിന്റെ ബഹുമുഖ പദ്ധതികളിൽ ചിലതു മാത്രമാണ്. സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് സ്രോതസ് പദ്ധതികൾക്ക് രൂപം നൽകുന്നത്. പ്രളയകാലത്തു കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റ പണികൾക്ക് സഹായം നൽകി. കോവിഡ് കാലഘട്ടത്തിൽ ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് എത്തുന്നതിനു വിദേശത്ത് നിന്നും നാട്ടിലേക്കു നൂറുകണക്കിന് ആളുകൾക്ക് ടിക്കറ്റ് നൽകിയ ആദ്യ സംഘടനകളിൽ ഒന്നാണ് സ്രോതസ്. അതുപോലെ നിരവധി ഫുഡ് കിറ്റുകൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും മെഡിക്കൽ ഫോറം ഉണ്ടാക്കി ചികിത്സ സഹായം ക്രമീകരിക്കുകയും ചെയ്തു. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി ചേർന്ന് നാനാജാതി മതസ്ഥർക്ക് ചികിത്സാ സഹായം ലഭിക്കുന്ന തരത്തിൽ സ്രോതസ്സിന്റെ ചികിത്സ സഹായ പദ്ധതി ഇപ്പോൾ തുടരുന്നുവെന്നും അവർ പറഞ്ഞു.

പത്രസമ്മേളനത്തിൽ സ്രോതസ് പ്രസിഡന്റ് വർഗീസ് ജോർജ്, വൈസ് പ്രസിഡന്റ് പി.എം. തമ്പാൻ, ട്രെഷറർ മാത്യു ഐസക്, പ്രയോജനി ജനറൽ കൺവീനർ ഫിലിപ്പോസ് പുതുക്കുളങ്ങര, ഫൗണ്ടർ മെമ്പർമാരായ പി.എം. ജോസ്, കോശി കുഞ്ഞു, റോയ് തോമസ്, കേരളാ കോർഡിനേറ്റർ ജോൺസൻ ബേബി എന്നിവർ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: